ഹര്‍ത്താല്‍ ജനകീയം

മലപ്പുറം: ജമ്മുവില്‍ ഹിന്ദുത്വ ഭീകരര്‍ ക്രൂരമായ പീഡനത്തിനിരയാക്കിയ ശേഷം കൊന്നുതള്ളിയ എട്ടുവയസ്സുകാരിക്കു വേണ്ടിയുള്ള പ്രതിഷേധം അണപൊട്ടിയപ്പോള്‍ ജില്ല നിശ്ചലമായി. ജനകീയ ഹര്‍ത്താലില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടന്നു. തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിക്കുകയും ചെയ്തു. ബസ്സുകള്‍ ഓടിയില്ല. പലയിടങ്ങളിലും അക്രമവും കല്ലേറും വ്യാപകമായി നടന്നു. പരപ്പനങ്ങാടിയിലും തിരൂരിലും താനൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കല്ലേറില്‍ പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പലയിടത്തും പോലിസ് ലാത്തി വീശി. ചിലയിടങ്ങളില്‍ യുവാക്കള്‍ ടയറുകള്‍ റോഡില്‍ കൂട്ടിയിട്ട് കത്തിച്ചു. സോഷ്യല്‍ മീഡിയകളിലൂടെ സന്ദേശമയച്ചായിരുന്നു യുവാക്കള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയതത്. വാട്‌സ് ആപ്പിലൂടെയും മറ്റുമുള്ള സന്ദേശങ്ങളിലൂടെ ജില്ല നിശ്ചലമായപ്പോള്‍ നിസ്സംഗത പുലര്‍ത്തിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അതു കനത്ത തിരിച്ചടിയായി. മിക്കയിടങ്ങളിലും പുലര്‍ച്ചേമുതല്‍ തന്നെ യുവാക്കള്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. അത്യാവശ്യം വാഹനങ്ങള്‍ മാത്രമാണ് കടത്തി വിട്ടത്. ജസ്റ്റിസ് ഫോര്‍ ആസിഫ സ്റ്റിക്കര്‍ പതിച്ച ഓട്ടോകളും ബൈക്കുകളും കാണാമായിരുന്നു. രാവിലെ പതിനൊന്നിനുശേഷം പലയിടങ്ങളിലും യുവാക്കളുടെ വന്‍ പ്രകടനങ്ങള്‍ നടന്നു. കൊണ്ടോട്ടിയില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനമാണ് നടന്നത്. ഈ സമയങ്ങളില്‍ മലപ്പുറം ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് റോഡരികിലും മറ്റും നിര്‍ത്തിട്ടു. പിന്നീട് പോലിസ് അനുഗമിച്ചതിന് ശേഷമാണ് ബസ്സുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറപ്പെട്ടത്. ഇതോടൊപ്പം പലയിടങ്ങളിലും സ്ഥാപിച്ച തടസ്സങ്ങള്‍ പോലിസ് നീക്കംചെയ്തു.  തിരൂര്‍ ഭാഗത്തുള്ള നൂറുക്കണക്കിനു പേര്‍ പോലിസ് കസ്റ്റഡിയിലാണ്. അക്രമം പടരാതിരിക്കാന്‍ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാപകമായ അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടക്കുന്നതായ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമാസക്തമായി ജനങ്ങള്‍ സംഘടിക്കുന്നതും പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്.
സമരാനുകൂലികള്‍ തിരൂരില്‍ ബസ്സുകള്‍ തടഞ്ഞു. ബസ് തടഞ്ഞവരെ പോലിസ് കസ്റ്റഡിയിലെടുത്തു. അതോടെ മറ്റുള്ളവര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് അക്രമാസക്തമായതോടെ പോലിസ് ലാത്തി വീശി. ടിയര്‍ഗ്യാസും പ്രയോഗിച്ചു. സംഘടിച്ചെത്തിയ ഒരു കൂട്ടം യുവാക്കള്‍ തൃക്കണ്ടിയൂരില്‍ പ്രകടനം നടത്തി. ആര്‍എസ്എസ് ആസ്ഥാനമായ സംഘ് മന്ദിര്‍ സ്ഥിതി ചെയ്യുന്ന റോഡിലേക്ക് പ്രകടനം പ്രവേശിക്കുന്നത് അമ്പലക്കുളങ്ങരയില്‍ പോലിസ് തടഞ്ഞു. ലാത്തി വീശിയ പോലിസ് സമരക്കാരെ വിരട്ടിയോടിച്ചു.
പയ്യനങ്ങാടിയില്‍ പ്രാദേശിക ചാനല്‍ കാമറാമാന്‍ അതുലിന് മര്‍ദ്ദനമേറ്റു. താനൂരില്‍ സമരക്കാര്‍ നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. നിരവധി വ്യാപാര സ്ഥാപനങ്ങളും ബേക്കറികടയും മൂന്ന് കെഎസ്ആര്‍ടിസി ബസ്സും മറ്റും അടിച്ചു തകര്‍ത്തു. ചിറക്കല്‍ ക്ഷേത്ര പരിസരത്തും ഇരു വിഭാഗം ഏറ്റുമുട്ടിയതോടെ പ്രശ്‌നം രൂക്ഷമായി. കല്ലേറില്‍ അഖില്‍, മനു, സ്റ്റാലിന്‍, നികേഷ്, വിപിന്‍ എന്നിവരുള്‍പ്പടെ താനൂര്‍ സ്‌റ്റേഷനിലെ 25 പോലിസു കാര്‍ക്കും പരിക്കേറ്റു. ഹര്‍ത്താലനുകൂലികളെയും പോലിസുകാരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. താനൂരില്‍ 30പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആയിരക്കണക്കിന് യുവാക്കള്‍ അണിനിരന്ന പ്രതിഷേധ പ്രകടനത്തിനാണ് കഴിഞ്ഞ രണ്ടു ദിവസമായി തിരൂര്‍ സാക്ഷ്യം വഹിച്ചത്.
പാലപ്പെട്ടിയില്‍ പോലിസിനുനേരെ കല്ലേറുമുണ്ടായി. പുതിയിരുത്തിയില്‍ സമരക്കാരെ പോലിസ് ലാത്തിവീശിയോടിച്ചു. എടവണ്ണ ടൗണില്‍ വായ മൂടി കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധ ചടങ്ങ് പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് എപി ജൗഹര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭാ കുടുബംശ്രീ സിഡിഎസ് പ്രതിഷേധ റാലിയും ധര്‍ണയും നടത്തി. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുല്‍പാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കൂരിയാട് കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസ് തകര്‍ത്തു. വിവാഹപാര്‍ട്ടികളുടെ കാര്‍ തടഞ്ഞതോടെ പോലിസ് ലാത്തിവീശി. ഇതോടെ പോലിസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമായി. ഇതിനിടെ പോലിസിനുനേരെ കല്ലേറുമുണ്ടായി. കല്ലേറില്‍ തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ റഫീഖിനു പരിക്കേറ്റു. പിന്നീടു കൂടുതല്‍ പോലിസെത്തി ഗതാഗതം പുനസ്ഥാപിച്ചു. ഇതോടെ ഹര്‍ത്താലനുകൂലികള്‍ പിരിഞ്ഞുപോയി. പോലിസിനെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസെടുത്തു.

RELATED STORIES

Share it
Top