ഹര്‍ത്താല്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അടക്കം 5 പേര്‍ അറസ്റ്റില്‍

മഞ്ചേരി: ജമ്മു-കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെതിരേ സാമൂഹിക മാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന യുവാവ് അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍.
കൊല്ലം തെന്മല ഉഴുക്കുന്ന് അമരാലയത്തില്‍ അമര്‍നാഥ് ബൈജു (21), തിരുവനന്തപുരം സ്വദേശികളായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അഖില്‍ (23), വെണ്ണിയൂര്‍ പുത്തന്‍വീട്ടില്‍ സുധീഷ് (22), കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ സിറില്‍ (22), നെയ്യാറ്റിന്‍കര വഴുതക്കല്‍ ഇലങ്ങം റോഡ് ഗോകുല്‍ ശേഖര്‍ (21) എന്നിവരെയാണ് മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കലാപം, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, ആക്രമണം, അനുമതിയില്ലാതെ പ്രകടനം, പെണ്‍കുട്ടിയെ അപമാനിക്കല്‍, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികളെ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും ഇവരും പ്രതികളാവുമെന്ന് പോലിസ് വ്യക്തമാക്കി.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍, മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലത്തെയും തിരുവനന്തപുരത്തെയും വീടുകളിലെത്തിയാണ് ഇവരെ പിടികൂടിയത്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചാണ് അന്വേഷണസംഘം പ്രതികളിലേക്ക് എത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന അമര്‍നാഥാണ് സോഷ്യല്‍ മീഡിയാ ഹര്‍ത്താലിനുള്ള വഴിയൊരുക്കിയതെന്ന് പോലിസ് പറയുന്നു. ഇയാളുടെ പിതാവും ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. പ്രാദേശിക കാരണങ്ങളാല്‍ ഇരുവരും ഇപ്പോള്‍ ശിവസേനയിലാണെന്നും വിവരമുണ്ട്.
ഹര്‍ത്താലിന്റെ മറവില്‍ കലാപം ലക്ഷ്യമിട്ട് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് അമര്‍നാഥായിരുന്നു.
ഇതിനു പിന്തുണയേറിയതോടെ വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്നീ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ അമര്‍നാഥ് നിര്‍മിച്ചു. 13നു സ്വന്തം മൊബൈല്‍  ഉപയോഗിച്ചായിരുന്നു ഇത്. 11 പേരെ ഇതിന്റെ അഡ്മിന്‍മാരാക്കി. തുടര്‍ന്ന് ഇവയിലൂടെയായിരുന്നു ചര്‍ച്ചകള്‍.
കഠ്‌വ പെണ്‍കുട്ടിയുടെ പേരില്‍ തുടങ്ങിയ ഗ്രൂപ്പ് പിന്നീട് കോടതിയുടെ നിര്‍ദേശം വന്നതോടെ വോയ്‌സ് ഓഫ് സിസ്‌റ്റേഴ്‌സ് എന്ന പേരിലേക്ക് മാറ്റി. ബാലികയ്ക്കു നീതി ഉറപ്പാക്കാന്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ പോരെന്നും തെരുവില്‍ ഇറങ്ങണമെന്നുമുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഹര്‍ത്താലിനു തീരുമാനമായത്.
14നാണ് 16നു ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. പിന്നീട് 14 ജില്ലകളിലും സമാന രീതിയില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.  14 ജില്ലാ ഗ്രൂപ്പുകളുമായും അമര്‍നാഥിന് നേരിട്ട് ബന്ധമുണ്ട്. ഇതിനു കീഴിലായി ഓരോ പ്രദേശത്തും നൂറുകണക്കിനു ഗ്രൂപ്പുകള്‍ രൂപീകരിച്ചതായും തെളിഞ്ഞു. അമര്‍നാഥ് രൂപീകരിച്ച ഗ്രൂപ്പുകളിലെ മറ്റ് അഡ്മിന്‍മാരെ കുറിച്ചും അന്വേഷിച്ചുവരുകയാണെന്ന് പോലിസ് വ്യക്തമാക്കി. ആഹ്വാനത്തിന് പിന്നില്‍ ആരാണെന്നതില്‍ ദൂരൂഹത തുടരുമ്പോഴും ലോകത്തെ തന്നെ നടുക്കിയ സംഭവത്തിനെതിരേ നടന്ന ഹര്‍ത്താല്‍ ജനം ഏറ്റെടുത്തിരുന്നു.
അതേസമയം,  ഹര്‍ത്താലില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. അറസ്റ്റിലായവരുടെ സംഘടനാ ബന്ധവും ഇവര്‍ക്ക് ആരാണ് പണം നല്‍കിയതെന്നും അന്വേഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top