ഹര്‍ത്താലില്‍ 350 കേസുകള്‍; പിടിയിലായവരില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും

തിരുവനന്തപുരം: കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രവര്‍ത്തകരുണ്ടെന്ന് പോലിസ്. കഴിഞ്ഞ ദിവസം വരെ പോലിസ് അറസ്റ്റ് ചെയ്തവരുടെ രാഷ്ട്രീയം തിരിച്ചുള്ള കണക്കുകള്‍ പുറത്തുവന്നു.
മുസ്‌ലിംലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍ ഏറെയും. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും ബന്ധമില്ലാത്ത നല്ലൊരു വിഭാഗവും പിടിയിലായിട്ടുണ്ട്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ 350 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ 951 പേരില്‍ 535 പേരും രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലിസ് പറഞ്ഞു. ഇതില്‍ 270 മുസ്‌ലിംലീഗ് പ്രവര്‍ത്തകരും 265 എസ്ഡിപിഐ പ്രവര്‍ത്തകരുമാണ്. ഇവര്‍ക്കു പുറമേ 125 സിപിഎം പ്രവര്‍ത്തകരും 60 കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂട്ടത്തിലുണ്ട്. അറസ്റ്റിലായവരില്‍ 250 പേരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഹര്‍ത്താലിന്റെ ഭാഗമായി ഏറ്റവുമധികം അറസ്റ്റുകള്‍ നടന്നത് മലബാറിലാണ്. പാലക്കാട്ടു നിന്ന് മാത്രം 200 പേര്‍ അറസ്റ്റിലായി. അതേസമയം, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും പെടാത്ത 235 പേരുണ്ട്. എന്നാല്‍, അറസ്റ്റിലായവര്‍ പാര്‍ട്ടിയനുഭാവികള്‍ മാത്രമാണോ അതോ മെംബര്‍മാരാണോ എന്ന കാര്യം പരിശോധിച്ചുവരുകയാണ്. അതേസമയം, ഹര്‍ത്താലിനെക്കുറിച്ചും പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹര്‍ത്താലിനു പിന്നില്‍ ഏതെങ്കിലും സംഘടനകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാല്‍, ഇതുവരെ ഇക്കാര്യം സാധൂകരിക്കുന്നതിനുള്ള തെളിവുകളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ജനകീയ ഹര്‍ത്താല്‍ എന്ന പേരിട്ട് ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും പ്രചരിപ്പിക്കപ്പെട്ട ഹാഷ്ടാഗുകളില്‍ പലതിന്റെയും ഉറവിടം സംസ്ഥാനത്തിനു പുറത്താണെന്ന് പോലിസിനു സൂചന ലഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top