ഹര്‍ത്താലിലെ മുസ്‌ലിം വേട്ട: ആര്‍എസ്എസിന്റെ വഴിയെ കേരള പോലിസ്- വി ടി ബല്‍റാം

തിരുവനന്തപുരം: കഠ്‌വ സംഭവത്തിനെതിരേ നടന്ന ഹര്‍ത്താലില്‍ പങ്കെടുത്തവര്‍ തീവ്രവാദികളല്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. അന്ന് ഹര്‍ത്താലില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം ആളുകളും സദുദ്ദേശ്യത്തോടെയാണ് അതിന് ഇറങ്ങിത്തിരിച്ചത്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍ എന്ന നിലയില്‍ വിഷയത്തില്‍ ഒരു വൈകാരിക പ്രതികരണം നടത്തിയെങ്കിലും അതിനൊരു ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നു. അതിനു പിറകില്‍ ഏതെങ്കിലും സ്ഥാപിതതാല്‍പര്യക്കാരോ തീവ്രവാദികളോ ഉണ്ടോയെന്ന് പോലിസിന് അന്വേഷിക്കാവുന്നതാണ്.
പക്ഷേ, അതിന്റെ പേരില്‍ ഇവിടെ കാണാന്‍ സാധിക്കുന്നത് ഒരു ആസൂത്രിത മുസ്ലിം വേട്ടയിലേക്ക് കേരള പോലിസ് നീങ്ങുന്നതാണെന്ന് ഒരു വെബ്‌പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ വി ടി ബല്‍റാം പറഞ്ഞു.
വഴിയില്‍ നില്‍ക്കുന്നവരെയും ബാര്‍ബര്‍ഷാപ്പില്‍ നിന്നും എന്റെ മണ്ഡലത്തില്‍ നിന്നുമൊക്കെ ആളുകളെ അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ ഇട്ടിട്ടുണ്ട്. ബന്ധപ്പെട്ടപ്പോള്‍, ഉന്നതതലത്തില്‍ നിന്നുള്ള നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പറഞ്ഞ് പോലിസ് കൈമലര്‍ത്തുന്നു.
അതില്‍ തീര്‍ച്ചയായും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. ആര്‍എസ്എസ് നേതാക്കളുടെ വഴിയെയാണ് കേരള പോലിസും പോകുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഹര്‍ത്താല്‍ ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് അറിയില്ല. അതിനിറങ്ങിയ മഹാഭൂരിപക്ഷം ആളുകളും തീവ്രവാദികളല്ല. ഇത്ര നിസ്സാരമായി ഈ ഹര്‍ത്താല്‍ നടന്നുവെന്നത് സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് ബല്‍റാം ചൂണ്ടിക്കാട്ടി. കഠ്‌വ വിഷയത്തില്‍ ആര്‍എസ്എസിനെതിരേ നിന്നവര്‍ ഒരു പരിധിവരെ മാറിച്ചിന്തിക്കാന്‍ ഇടയായിട്ടുണ്ടെന്നതാണ് ഈ ഹര്‍ത്താല്‍ കൊണ്ടുണ്ടായ നിഷേധഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top