ഹര്‍ത്താലിന് പിന്നിലെ ദുരുദ്ദേശ്യ ശക്തികളെ പുറത്തുകൊണ്ടു വരണം: സാദിഖലി തങ്ങള്‍

താനൂര്‍: കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ച ദുരുദ്ദേശ്യ ശക്തികളെ ശക്തമായ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. താനൂരില്‍ ആക്രമിക്കപ്പെട്ട കെ ആര്‍ ബേക്കറി സന്ദര്‍ശിച്ച ശേഷം താനൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്ങള്‍.
താനൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിച്ചതിനെ ശക്തമായി അപലപിക്കുന്നു.  ജില്ലക്കു ചീത്തപ്പേരുണ്ടാക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് ഇതിനു പിന്നില്‍. മതസൗഹാര്‍ധത്തിനു പേരു കേട്ട മലപ്പുറം ജില്ലയെ അപമാനീക്കാനുള്ള ശ്രമമാണിത്. സാമൂഹ്യമാധ്യമങ്ങള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ മുസ്്‌ലിം ലീഗ് പിന്തുണച്ചിട്ടില്ല. മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം ഹര്‍ത്താലിനെതിരെ നേരത്തെ തന്നെ പ്രസ്താവന നടത്തിയിട്ടുണ്ട്. പോലിസിന്റെ ജാഗ്രതക്കുറവാണ് അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണമായത്. പോലിസ് സ്റ്റേഷന്‍ തൊട്ടടുത്തായിട്ടു പോലും വേണ്ട ജാഗ്രത പുലര്‍ത്താന്‍ ഇവര്‍ക്കായില്ല. തീരദേശത്ത് സംഘര്‍ഷമുള്ള സ്ഥലമാണ് താനൂര്‍. അവിടെക്കാണിക്കുന്ന ജാഗ്രത ഹര്‍ത്താല്‍ ദിവസം പോലിസ് താനൂര്‍ നഗരത്തില്‍ കാണിച്ചില്ലെന്നാണ് മനസ്സിലാകുന്നത്. കെ ആര്‍ ബേക്കറി മാനേജര്‍ ദിനേഷനുമായി തങ്ങള്‍ സംസാരിച്ചു.

RELATED STORIES

Share it
Top