ഹര്‍ത്താലിന്റെ പേരില്‍ ന്യൂനപക്ഷ വേട്ട അനുവദിക്കില്ല: എസ്ഡിപിഐ

പാലക്കാട്: സാമുഹിക മാധ്യമങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിന്റെ പേരില്‍ സര്‍ക്കാരും പോലിസും ന്യൂനപക്ഷ വേട്ട നടത്തുകയാണെന്നും ഇത് ഹിന്ദുത്വഭീകരതയെ സഹായിക്കാനാണെന്നും എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഹര്‍ത്താല്‍ അനുകൂലികളെന്ന പേരില്‍ പ്രതികളാക്കപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളില്‍പ്പെട്ട യുവാക്കളാണ്.
എന്നാല്‍, ഹര്‍ത്താലിന്റെ ഉത്തരവാദിത്വം എസ്ഡിപിഐയില്‍ ചാര്‍ത്താനാണ് മറ്റിതര പാര്‍ട്ടികളുടെ നീക്കം. ജില്ലയില്‍ നിന്ന് ഹര്‍ത്താലിന്റെ പേരില്‍ അറസ്റ്റ്‌ചെയ്യപ്പെടുകയോ കേസെടുക്കുകയോ ചെയ്തിട്ടുള്ളത് വിരലിലെണ്ണാവുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ മാത്രമാണ്.
കേസില്‍പ്പെട്ടവര്‍ക്ക് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന തീരുമാനം സംഘ്പരിവാറിന്റെ താല്‍പരര്യം സംരക്ഷിക്കാനാണ്. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലുകളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സോഷ്യല്‍മീഡിയ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഏറെകുറേ സമാധാനപരമാണ്. എന്നാല്‍, ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടി വേണം.
എന്നാല്‍ നിരപരാധികളടക്കമുള്ളവരെ മതസ്പര്‍ധയുടെ പേരില്‍ കേസെടുത്ത് വേട്ടയാടാനാണ് നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ എസ്ഡിപിഐ നിര്‍ബന്ധിതമാവുമെന്ന് നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍അലി, ജനറല്‍ സെക്രട്ടറി കെ ടി അലവി, ഖജാഞ്ചി കെ എ മജീദ് പങ്കെടുത്തു.

RELATED STORIES

Share it
Top