ഹര്‍ത്താലനുകൂലികളെ കുടുക്കാന്‍ വ്യാജമൊഴി

കണ്ണൂര്‍: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രകടനം നടത്തിയവരെ കുടുക്കാന്‍ പോലിസ് തയ്യാറാക്കിയ തിരക്കഥയുടെ തെളിവ് പുറത്ത്. ഹര്‍ത്താല്‍ ദിവസം കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടിയവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോള്‍, പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റവരുടെ മൊഴി സത്യസന്ധമായി രേഖപ്പെടുത്തുകയായിരുന്ന വനിതാ ഡോക്ടറോട് ടൗണ്‍ എസ്‌ഐ അപമര്യാദയായി പെരുമാറുകയും വ്യാജമൊഴി രേഖപ്പെടുത്താന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിതവിഭാഗത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ പ്രതിഭ ടൗണ്‍ സ്‌റ്റേഷനിലെ എസ്‌ഐക്കെതിരേ ഉത്തരമേഖലാ ഐജിക്കും ജില്ലാ പോലിസ് മേധാവിക്കും പരാതിനല്‍കി. പരാതിയില്‍ പോലിസിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികളെ പിരിച്ചുവിടാനെന്ന പേരില്‍ പോലിസുകാര്‍ തന്നെ വാഹനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും കേന്ദ്രസര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചതിനു മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന പേരില്‍ കേസെടുത്തതും പുറത്തുവന്നതിനു പിന്നാലെയാണ് വനിതാ ഡോക്ടറുടെ പരാതിയും പുറത്തുവന്നത്.
ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂര്‍ ടൗണില്‍ കടയടപ്പിക്കാനെത്തിയ യുവാക്കളെ പോലിസ് പിടികൂടിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇതില്‍ ചിലര്‍ മാലമോഷണക്കേസ് പ്രതികളാണെന്നായിരുന്നു മറുപടി. എന്നാല്‍ പോലിസ് നടപടിയെ ഒരുകൂട്ടം യുവാക്കള്‍ ചോദ്യംചെയ്യുകയും ടൗണ്‍ പോലിസ് സ്‌റ്റേഷനിലേക്കു പ്രകടനം നടത്തുകയും ചെയ്തു. ഇതിനിടെ, സ്‌റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെന്നാരോപിച്ച് 30ഓളം പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വൈദ്യപരിശോധനയ്ക്കിടെയാണ് പോലിസ് തിരക്കഥ തയ്യാറാക്കിയത്. തിങ്കളാഴ്ച രാത്രി 10.30ഓടെ രോഗികളെ പരിശോധിക്കുകയായിരുന്ന തന്റെ മുന്നില്‍, ടൗണ്‍ എസ്‌ഐ എന്നു പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ വന്നു ഗുണ്ടായിസം കാണിച്ചെന്നാണു ഡോ. കെ പ്രതിഭ നല്‍കിയ പരാതി. പിടിയിലായ യുവാക്കള്‍ പോലിസ് മര്‍ദിച്ചെന്നു കാണിച്ച് ഡോക്ടര്‍മാര്‍ക്കു മൊഴി നല്‍കിയിരുന്നു. എന്നാല്‍, പിടിയിലായവര്‍ പറയുന്നത് ഡോക്ടര്‍മാര്‍ എഴുതാന്‍ പാടില്ലെന്നു ഭീഷണിപ്പെടുത്തിയ എസ്‌ഐ അങ്ങനെ എഴുതിയാല്‍ 'ചവിട്ടിക്കീറിക്കളയും' എന്നു ഭീഷണിപ്പെടുത്തിയെന്നും വ്യാജമായ കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. എസ്‌ഐയുടെ നടപടി മാനസികമായി വേദനയുണ്ടാക്കിയെന്നും രോഗികള്‍ വരിനില്‍ക്കുന്ന സമയത്ത് അത്യാഹിതവിഭാഗത്തില്‍ കയറി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത എസ്‌ഐക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തിലെ പോലിസ് വീഴ്ച പരക്കെ വിമര്‍ശനത്തിനിടയാക്കിയതോടെ ഹര്‍ത്താല്‍ അനുകൂലികളെ വേട്ടയാടുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് വളപട്ടണം പോലിസ് സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കെ രാജ്യത്തെ മികച്ച 10 പോലിസ് സ്‌റ്റേഷനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ എസ്‌ഐയുടെ നടപടിയെന്നതും കൂട്ടിവായിക്കേണ്ടതാണ്.
അതേസമയം, പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും സ്ഥിതിഗതികളുടെ ഗൗരവം ഡോക്ടറെ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരി വ്യക്തമാക്കി.

RELATED STORIES

Share it
Top