ഹരിയാന കൂട്ട ബലാല്‍സംഗം: കര്‍ശന നടപടി വേണമെന്ന് എന്‍ഡബ്ല്യുഎഫ്

കോഴിക്കോട്: ഹരിയാനയിലെ കനിനയില്‍ സിബിഎസ്ഇ ഉന്നത വിജയിയായ 19കാരി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നു നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രസിഡന്റ് എ എസ് സൈനബ ആവശ്യപ്പെട്ടു.
ഇരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നടപടിയെടുക്കാന്‍ കൂട്ടാക്കാത്ത പോലിസ് സമീപനം സംസ്ഥാനത്തെ അത്യന്തം വഷളായ സ്ഥിതിവിശേഷമാണു പ്രതിഫലിപ്പിക്കുന്നത്.
രാജ്യത്തു വര്‍ധിച്ചുവരുന്ന കൂട്ട ബലാല്‍സംഗക്കേസുകളില്‍ ഒന്നു മാത്രമാണ് ഈ നിഷ്ഠുര കൃത്യം. നിര്‍ഭയാ കേസിനെ തുടര്‍ന്നുണ്ടായ നിയമനിര്‍മാണത്തിനു ശേഷവും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഒരറുതിയും വന്നിട്ടില്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഇന്ത്യയെ നിയമവാഴ്ചയില്ലാത്ത നാടാക്കി മാറ്റിയിരിക്കുന്നു. സ്ത്രീകള്‍ ഒത്തൊരുമിച്ചു മുന്നോട്ടുവന്ന് ഇതിനെതിരേ അണിനിരക്കേണ്ട സമയമാണിതെന്നും എ എസ് സൈനബ പറഞ്ഞു.
ബലാല്‍സംഗക്കേസുകളില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ഇരകളുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുക, കാലതാമസമില്ലാതെ കേസുകള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, ഹരിയാന സംഭവത്തില്‍ പ്രതിയായ സൈനികനെ സൈന്യത്തില്‍ നിന്നു നീക്കുക എന്നീ ആവശ്യങ്ങളും എന്‍ഡബ്ല്യുഎഫ് പ്രസിഡന്റ് ഉന്നയിച്ചു.

RELATED STORIES

Share it
Top