ഹരിയാന കൂട്ടബലാല്‍സംഗംസൈനികനടക്കം പ്രധാന പ്രതികള്‍ പിടിയില്‍

ചണ്ഡീഗഡ്: ഹരിയാനയില്‍ 19കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. സംഭവം നടന്ന് 10 ദിവസത്തിനു ശേഷമാണ് പ്രധാന പ്രതികള്‍ പിടിയിലാവുന്നത്. സൈനികനായ പങ്കജ്, കൂട്ടുപ്രതി മനീഷ് എന്നിവരെയാണ് പിടികൂടിയതെന്ന് ഡിജിപി ബി എസ് സന്ധു പറഞ്ഞു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും പിടികൂടിയതായി ഡിജിപി അറിയിച്ചു.
മഹേന്ദ്രഗഡ് ജില്ലയിലെ സത്‌നാളിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. മറ്റൊരു പ്രതി നിഷു ഈ മാസം 16ന് അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ച നിഷുവിനെ മഹേന്ദ്രഗഡ് ജില്ലാ കോടതി നാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ സഞ്ജീവ്, സംഭവസ്ഥലത്തുണ്ടായിരുന്ന കുഴല്‍ക്കിണര്‍ നിര്‍മാണ യൂനിറ്റ് ഉടമ ദീന്‍ദയാല്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്—ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നതായും പോലിസ് പറഞ്ഞു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച വാഹനവും പോലിസ് കണ്ടെടുത്തിരുന്നു. സപ്തംബര്‍ 12ന്് പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ലഹരിപാനീയം നല്‍കിയശേഷം കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
പതികളെ പോലിസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും ഒളിവില്‍ പോയ ഇവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട്് പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
അതിനിടെ, തങ്ങളുടെ മകള്‍ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. നീതിക്കു പകരം തങ്ങള്‍ക്ക് ലഭിക്കുന്നത് ചെക്കുകളാണെന്നും അതു തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ഇവര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സിബിഎസ്ഇ സിലബസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതിന് സര്‍ക്കാര്‍ മെഡല്‍ നേടിയ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ പോലിസ് കാലതാമസം വരുത്തിയതിന് റേവാരി എസ്പി രാജേഷ് ദഗ്ഗല്‍, വനിതാ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

RELATED STORIES

Share it
Top