ഹരിയാനയെ കളിക്കളത്തില്‍ മറികടന്നു; കേരള താരങ്ങള്‍ക്ക് മര്‍ദ്ദനംറോത്തക്ക്: ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരള താരങ്ങള്‍ക്കെതിരേ ഹരിയാന താരങ്ങളുടെ കൈയേറ്റം. മീറ്റിന്റെ നാലാം ദിനം കേരളം മുന്നിലെത്തിയതിന് പിന്നാലെ കേരള ക്യാംപില്‍ അതിക്രമിച്ചു കയറിയായിരുന്നു ടീം അംഗങ്ങളെ മര്‍ദ്ദിച്ചത്. ഇന്നലത്തെ മല്‍സരങ്ങള്‍ അവസാനിച്ചതിന് പിന്നാലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മൊബൈല്‍ ചാര്‍ജര്‍ ചോദിച്ച് കേരള ടീം താമസിക്കുന്ന സ്ഥലത്തെത്തിയ ഹരിയാനക്കാര്‍ പ്രകോപനമില്ലാതെ കേരള ക്യാപ്റ്റന്‍ പി എന്‍ അജിത്തടക്കമുളളവരെ മര്‍ദ്ദിക്കുകയായിരുന്നു. നിങ്ങള്‍ കാരണം ഞങ്ങള്‍ക്കു ലഭിക്കേണ്ട ലക്ഷങ്ങള്‍ നഷ്ടമായെന്നു മര്‍ദ്ദിച്ചവരിലൊരാള്‍ പറഞ്ഞതായി പറളി കോച്ച് പി എന്‍ മനോജ് പറഞ്ഞു. തുടര്‍ന്ന് മുറിയില്‍ നിന്നും ഇറങ്ങിയോടിയ അക്രമി സംഘത്തിലൊരാളെ കേരള ടീം അംഗങ്ങള്‍ പിടികൂടി. ഇയാള്‍ ഹരിയാന ടീം അംഗമാണോ എന്നതു വ്യക്തമായില്ല. പരിക്കേറ്റ ടീം അംഗങ്ങള്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി. തുടര്‍ന്ന് ഹരിയാനടീമിനെതിരേ കേരളം പരാതിയും നല്‍കിയിട്ടുണ്ട്.     മീറ്റിന്റെ ആദ്യ രണ്ട് ദിനങ്ങളിലും ഹരിയാനയായിരുന്നു മെഡല്‍വേട്ടയില്‍ മുന്നില്‍. എന്നാല്‍ മൂന്നാം ദിനത്തില്‍ ഹരിയാനയെ പിന്തള്ളി കേരളം ഒന്നാമതെത്തി. ഇതാണ് ഹരിയാന താരങ്ങളുടെ ആക്രമണത്തിന് കാരണമായത്.

RELATED STORIES

Share it
Top