ഹരിയാനയില്‍ 19 പള്ളികള്‍ക്ക് സമീപത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

ഗുഡ്ഗാവ്: പൊതു ഇടങ്ങളില്‍ വിശ്വാസികള്‍ക്കു പ്രാര്‍ഥന നിര്‍വഹിക്കേണ്ടിവന്നത് വഖ്ഫ് ഭൂമിയിലെ അനധികൃത കയേറ്റങ്ങള്‍ കാരണമെന്നു വഖ്ഫ് ബോര്‍ഡ്. തുടര്‍ന്നു ഹരിയാന വഖ്ഫ് ബോര്‍ഡിന്റെ പരാതിയില്‍ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു. 19 മസ്ജിദുകള്‍ക്കു സമീപമുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതായി ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണര്‍ വഖ്ഫ് ബോര്‍ഡ് പ്രതിനിധികളെ അറിയിച്ചു.
22 വഖ്ഫ് ഭൂമികളുള്ള ഗുഡ്ഗാവിലും സമീപ—മുള്ള പ്രദേശങ്ങളില്‍ ഇനിയും ഒഴിഞ്ഞുപോവാത്തവര്‍ക്കെതിരേ വഖ്ഫ് ബോര്‍ഡിനോട് നിയമനടപടിക്കൊരുങ്ങാനും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. വഖ്ഫ് ബോര്‍ഡിനാവശ്യമായ സഹകരണങ്ങള്‍ നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണ്.
പ്രദേശങ്ങളിലെ കയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പോലിസ് സഹായം നല്‍കുമെന്നും ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണര്‍ ചന്ദ്രശേഖര്‍ ഖാരെ പറഞ്ഞു.
മുസ്‌ലിം പള്ളികള്‍ക്കു സമീപമായുള്ള ഭൂമിയില്‍ അനധികൃത കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള നീക്കമാണ് പരാതിയെ തുടര്‍ന്ന് തടഞ്ഞത്.
വഖ്ഫ് ഭൂമിയില്‍ ഇത്തരത്തിലുള്ള അനധികൃത കൈയേറ്റങ്ങള്‍ കാരണമാണു വിശ്വാസികള്‍ക്ക് പൊതു ഇടങ്ങളെ ആശ്രയിക്കേണ്ടിവന്നതെന്ന് വഖ്ഫ് ബോര്‍ഡ് പ്രതിനിധി ജലാലുദ്ദീന്‍ പറയുന്നു. പൊതു ഇടങ്ങളില്‍ ജുമുഅ നമസ്‌കാരം തടയുന്നതു വ്യാപകമായതോടെ വിഷയത്തില്‍ അന്വേഷണം നടത്തിയപ്പോഴാണു വഖ്ഫ് ഭൂമികളില്‍ അനധികൃത കയേറ്റങ്ങള്‍ കണ്ടെത്തിയത്.
അതേസമയം, പൊതു ഇടങ്ങളില്‍ ആരാധന നിര്‍വഹിക്കാന്‍ മുസ്‌ലിംകളെ അനുവദിക്കില്ലെന്നു തന്നെയാണു ഹിന്ദുത്വ സംഘടനകളുടെയും ഭരണകൂടത്തിന്റെയും നിലപാട്. ഇതിനെതിരേ പ്രതിഷേധവുമായി ഹിന്ദുക്കള്‍ രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top