ഹരിയാനയിലെ സര്‍ക്കാര്‍ ജിംനേഷ്യങ്ങളില്‍ ആര്‍എസ്എസ് ശാഖ നടത്തും

ചണ്ഡീഗഡ്: ഹരിയാനയില്‍ സര്‍ക്കാര്‍ പണിയുന്ന ജിംനേഷ്യങ്ങള്‍ ആര്‍എസ്എസ് ശാഖ നടത്താന്‍ ഉപയോഗിക്കും. പഞ്ച്കുലയില്‍ സര്‍ക്കാര്‍ നിര്‍മിച്ച പുതിയ ജിംനേഷ്യം ഉദ്ഘാടനം ചെയ്യവേ മന്ത്രി ഓംപ്രകാശ് ധന്‍കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം സംസ്ഥാനത്ത് പ്രചരിപ്പിക്കുന്ന തിരക്കിലാണ്. എല്ലാ ഗ്രാമത്തിലും രണ്ടേക്കര്‍ സ്ഥലം കണ്ടെത്തി ജിംനേഷ്യങ്ങള്‍ സ്ഥാപിക്കുന്ന സര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കിവരികയാണ്.
നേരത്തെ വിദ്യാഭ്യാസ മന്ത്രി റാം ബിലാസ് ശര്‍മയും പുതുതായി നിര്‍മിക്കുന്ന സര്‍ക്കാര്‍ ജിംനേഷ്യങ്ങള്‍ ആര്‍എസ്എസ് ശാഖകളായും ഉപയോഗിക്കുമെന്ന് പറഞ്ഞിരുന്നു. കായിക യുവജനകാര്യ മന്ത്രി അനില്‍ വിജും ഇതിനെ പിന്തുണച്ചിട്ടുണ്ട്. ആര്‍എസ്എസ് ശാഖകള്‍ കായിക പരിശീലനത്തിനാണു നടത്തുന്നത്. ജിമ്മുകളും ഇതിനു വേണ്ടിത്തന്നെയാണ്. അപ്പോള്‍ ജിമ്മുകളില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നതില്‍ എന്താണ് കുഴപ്പമെന്ന് മന്ത്രി വിജ് ചോദിക്കുന്നു. 1000 ജിംനേഷ്യങ്ങളാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ 300 ജിമ്മുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടങ്ങളില്‍ ആവശ്യമായ യോഗ പരിശീലകരെയും മറ്റും നിയമിക്കാനുള്ള പ്രക്രിയയിലാണ് സര്‍ക്കാര്‍. ജിമ്മുകളിലൂടെ ആര്‍എസ്എസിനെ വളര്‍ത്താനുള്ള പരിപാടിയാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന—തെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചു.

RELATED STORIES

Share it
Top