ഹരിപ്പാട് എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; പത്തുപേര്‍ക്ക് പരിക്ക്ഹരിപ്പാട്: കോളജില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലഹം സംഘ ര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്കു പരിക്കേറ്റു. പരിക്കുകളോടെ ആശുപത്രിയില്‍. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളായി നിലനിന്നിരുന്ന എസ്.എഫ്. ഐ-കെ.എസ്.യു തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച വൈകിട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കെ.എസ്.യു പ്രവര്‍ത്തകര്‍ കെ.എസ്.യു ബ്‌ളോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്റെ പള്ളിപ്പാട്ടുള്ള വീട്ടില്‍ ഒത്തുകൂടി. ഇവര്‍ പിരിഞ്ഞ് പോയ ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെ മുഖംമൂടി ധരിച്ച അന്‍പതോളം പേര്‍ ബൈക്കുകളിലെത്തി വീട്ടില്‍ കയറി അക്രമണം നടത്തുകയായിരുന്നു. അക്രമത്തില്‍ ഹരികൃഷ്ണനും മാതാവ് ഗീതയ്ക്കും (49), കെ.എസ്.യു കോളേജ് യൂണിറ്റ് ഭാരവാഹി നിതീഷി (20) നും പരിക്കേറ്റു. സമീപവാസികള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ബൈക്കുകളില്‍ കയറി രക്ഷപെടുകയായിരുന്നു. അക്രമണത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച രണ്ട് എസ്.എഫ്. ഐ പ്രവര്‍ത്തകരെ നാട്ടുകാ ര്‍ വളഞ്ഞിട്ട് അക്രമിച്ചു. ഇവരെ രക്ഷിക്കാനെത്തിയ ഡി .വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മനു (32), എസ്.എഫ്. ഐ ഏരിയാ സെക്രട്ടറി പ്രവീണ്‍ (20) ജോ.സെക്രട്ടറിമാരായ വിഷ്ണു വിജയന്‍ (20) കെ .വിഷ്ണു (20) ഏരിയാ കമ്മറ്റി അംഗം അഭിജിത്ത് (20) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഹരികൃഷണനെയും മാതാവിനെയും കെ.എസ്.യു പ്രവര്‍ത്തകര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു  ബൈക്കുകളിലെത്തിയ മുപ്പതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറിയും അക്രമണം നടത്തി. ആശുപത്രിയില്‍ ഉണ്ടായിരുന്ന കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാര്‍ത്തികപ്പള്ളി പഞ്ചായത്തംഗവുമായ റോഷന്റെ (26) മുഖത്ത് ആശുപത്രിയില്‍ നിന്നെടുത്ത ബഌച്ചിംഗ് പൗഡര്‍ വിതറിയ ശേഷം ഇരുമ്പ് വടികള്‍ കൊണ്ടും തടി കഷണങ്ങള്‍ കൊണ്ടും അക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കെ.എസ്.യു ജില്ലാ സെക്രട്ടറി ഷിയാസ് (26) ന്റെ തല അക്രമികള്‍ അടിച്ച് പൊട്ടിച്ചു. ആശുപത്രിയിലെ മറ്റ് രോഗികളുടെ മുന്നിലായിരുന്നു അക്രമണം നടത്തിയത്. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ റോഷനെ മാവേലിക്കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് രാവിലെ 10ന് കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ആര്‍ ഹരികുമാര്‍ അറിയിച്ചു. നിയോജകമണ്ഡലത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മറ്റിയും സി. പി.എമ്മും ഹര്‍ത്താലിനും എസ്.എഫ്.ഐ വിദ്യാഭ്യാസബന്ദിനും ജില്ലയില്‍ പ്രതിഷേധ ദിനത്തിനും ആഹ്വാനം ചെയ്തു.

RELATED STORIES

Share it
Top