ഹരിത കേരള മിഷന്‍ പ്ലാസ്റ്റിക് വിമുക്ത ഭവനം: വിദ്യാര്‍ഥികള്‍ സര്‍വേ നടത്തി

തൃക്കരിപ്പൂര്‍: പ്ലാസ്റ്റിക് വിമുക്ത ഭവനം എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ സാമൂഹിക പ്രവര്‍ത്തന ഭാഗമായി വീടുകള്‍ തോറും കയറി പഠനവും സര്‍വേയും നടത്തി. ക്ലീന്‍ കാംപസ് ഗ്രീന്‍ കാംപസ് എന്ന മുദ്രാവാക്യവുമായി വിവിധ പരിപാടികളാണ് വിദ്യാര്‍ഥികളിലൂടെ ഹരിത കേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്നത്. എന്‍എസ്എസ്, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 300 സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ സ്‌കൂളുകളിലെയും എന്‍എസ്എസ് വിദ്യാര്‍ഥികള്‍ വിവിധ ബാച്ചുകളായി ചുരുങ്ങിയത് 1500 ഭവനങ്ങള്‍ സന്ദര്‍ശിച്ച് വീട്ടുകാരില്‍ നിന്നും ചോദ്യാവലിയുടെ അടിസ്ഥാനത്തി ല്‍ വിവരങ്ങള്‍ ശേഖരിക്കണം. ഇത്തരത്തില്‍ സംസ്ഥാനത്തെ നാലര ലക്ഷം വീടുകള്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു സര്‍വേ പൂര്‍ത്തിയാക്കും.
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളാണ് പഞ്ചായത്തിലെ വീടുകള്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിച്ചത്. ഓരോ വാര്‍ഡിലും അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകള്‍ സമയബന്ധിതമായി വീടുകളില്‍ കയറി ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ എങ്ങിനെ സംസ്‌കരിക്കുന്നു, പ്ലാസ്റ്റിക്, ഖരം, ഇലക്ട്രോണിക്‌സ്, മറ്റുള്ളവ എന്നിങ്ങനെ വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ വീടുകളില്‍ സംസ്‌കരിക്കാറുണ്ടോ, പൈപ് കമ്പോസ്റ്റ് എന്നിവ ഉണ്ടോ, ഹരിത കര്‍മ സേന സജീവമാണോ, മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്ത് തലത്തിലോ മറ്റു ഏജന്‍സികള്‍ വഴിയോ നടപടി ഉണ്ടോ തുടങ്ങി നാല് ചോദ്യാവലികള്‍ അടങ്ങിയ വിവര ശേഖരണം നടത്തി.
ഇതിലൂടെ 24 തരത്തിലുള്ള വിവരങ്ങള്‍ വോളണ്ടിയര്‍മാര്‍ ശേഖരിച്ചു സ്‌കൂളില്‍ ക്രോഡീകരണം നടക്കും.
ഇതിലൂടെ വിഎച്ച്എസ്‌സി പ്രോഗ്രാം ഓഫിസര്‍മാര്‍, മറ്റധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് ഓഡിറ്റ് റിപോര്‍ട്ട് തയ്യാറാക്കി പഞ്ചായത്തിന് കൈമാറും. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ് സി വിഭാഗം എന്‍എസ്എസ് വിദ്യാര്‍ഥികള്‍ പ്രോഗ്രാം ഓഫിസര്‍ സി കെ ശ്രീജ, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചത്.

RELATED STORIES

Share it
Top