ഹരിത കേരളം മിഷന്‍ കേരളം ഒരേ മനസ്സോടെ ഏറ്റെടുത്തു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്‍ കേരളം ഒരേ മനസ്സോടെ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരളം മിഷന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഹരിത സംഗമം 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ജൈവകൃഷി എന്നിവയിലെല്ലാം കഴിഞ്ഞ ഒരു വര്‍ഷം മികച്ച നേട്ടം കൈവരിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനകം സംസ്ഥാനത്തെ മുന്നൂറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജൈവമാലിന്യ സംസ്‌കരണ പദ്ധതിയും അജൈവ മാലിന്യ പുനരുപയോഗ പദ്ധതിയും പ്രവര്‍ത്തനം ആരംഭിക്കും. രണ്ടു ലക്ഷം ഹെക്ടറില്‍ താഴെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നെല്‍കൃഷിയുടെ വിസ്തൃതി. മൂന്ന് ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജൈവകൃഷിയില്‍ യുവതലമുറയില്‍ പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.വനംവകുപ്പിന്റെ സഹകരണത്തോടെ 86 ലക്ഷം വൃക്ഷത്തൈകള്‍ നട്ടു. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹരിതകേരളം വാര്‍ത്താപത്രിക മന്ത്രി മാത്യു ടി തോമസിനു നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം കാട്ടാക്കടയില്‍ നടപ്പാക്കിയ ജലസമൃദ്ധി പദ്ധതിയുടെ സിഡി പ്രകാശനം മന്ത്രി നിര്‍വഹിച്ചു. എ സമ്പത്ത് എംപി ഏറ്റുവാങ്ങി.

RELATED STORIES

Share it
Top