ഹരിതോത്സവം തുടരുന്നു; 31ന് സമാപനം

വൈപ്പിന്‍: ചെറായി വലിയവീട്ടില്‍കുന്ന് മൈതാനിയില്‍ 23ന് ആരംഭിച്ച ഹരിതോത്സവം 2017 വൈവിധ്യമാര്‍ന്ന പരിപാടികളുമായി തുടരുന്നു. 31ന് സമാപിക്കും.
ഇതിന്റെ മുന്നോടിയായി നടന്ന ഊര്‍ജ സംരക്ഷണ സര്‍വേയുടെ കണ്ടെത്തലുകള്‍ ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി എം എം മണിക്ക് എനര്‍ജി കണ്‍സര്‍വേഷന്‍ ചെയര്‍മാന്‍ ഡോ. നിസാം റഹ്മാന്‍ സമര്‍പ്പിച്ചു.
പള്ളിപ്പുറം പഞ്ചായത്തിലെ 15, 16 വാര്‍ഡുകളില്‍ ആയിരത്തോളം വീടുകളില്‍ നടത്തിയ സര്‍വേ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള സഹായം മന്ത്രി വാഗ്ദാനം ചെയ്തു.
ഈ സംരംഭം കേരളം മുഴുവന്‍ വികസിപ്പിക്കേണ്ടതിനും വൈദ്യുതിയുടെ ശരിയായ ഉപയോഗം നടത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
തുടര്‍ന്ന് കാഥികന്‍ നിരണം രാജന്റെ 20 മണിക്കൂര്‍ തുടര്‍ച്ചയായി വിഷ്വല്‍ കഥാപ്രസംഗം നടന്നു.
ഇതിന്റെ ഉദ്ഘാടനം ഉത്തരവാദിത്വം ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ രൂപേഷ്‌കുമാര്‍ നിര്‍വഹിച്ചു. കഥാപ്രസംഗത്തിന്റെ സമാപനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.— കെ കെ ജോഷി കാഥികന് അവാര്‍ഡ് നല്‍കി ആദരിച്ചു.
സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ആരോഗ്യ സര്‍വേയുടെ റിപോര്‍ട്ട് കൊച്ചിന്‍ കോസ്‌മേസ് റോട്ടറ്റി പ്രസിഡന്റ് ശ്രീജിത്തിന് ഡോ. കെ കെ ജോഷി സമര്‍പ്പിച്ചു. 31ന് വൈകീട്ട് അഞ്ചിനു നടക്കുന്ന സമാപനസമ്മേളനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top