ഹരിതഭവനവുമായി തനി മലപ്പുറം പദ്ധതി

മലപ്പുറം: കുടുംബശ്രീക്ക് 20 വയസ് തികയുന്നു. രാജ്യത്ത് ആദ്യമായി മലപ്പുറം ജില്ലയിലാണ് കുടുംബ ശ്രീ തുടങ്ങിയത്. 20ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയിലെ 26,000 ല്‍പരം അയല്‍ക്കൂട്ടങ്ങളെയും നാല് ലക്ഷത്തോളം അയല്‍ക്കൂട്ട കുടുംബങ്ങളെയും പങ്കാളികളാക്കി തനിമ - തനിമലപ്പുറം പദ്ധതി ആസൂത്രണം നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം ഹരിതകേരള മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. ഹരിത കേരള മിഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സഫലമാവുന്നതിന് കുടുംബശ്രീയുടെ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും എല്ലാ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലേക്കും എല്ലാ സാധാരണ കുടുംബങ്ങളിലേക്കും വെള്ളം, വൃത്തി, വിളവ് എന്നീ സന്ദേശങ്ങള്‍ എത്തിക്കുന്നതിനുമാണ് ഹരിതഭവനം ക്യാംപയിന്‍ ലക്ഷ്യമിടുന്നത്. ജില്ലയിലെ 26,000 ല്‍ പരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ 18ന് പ്രത്യേക യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓരോ ഭവനവും എത്ര ശതമാനം ഹരിത ഭവനമാണ് എന്ന പരിശോധന നടത്തും. പ്രത്യേക ഇടപെടല്‍ വഴി 2018 മെയ് 17നകം 50,000 വീടുകളെങ്കിലും ഹരിത ഭവനമാക്കുകയെന്നതാണ് തനിമ കാംപയിന്റെ ലക്ഷ്യം. ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  അയല്‍ക്കൂട്ട അംഗങ്ങള്‍ അവരുടെ അയല്‍ക്കൂട്ട പരിധിയിലെ മറ്റു വീടുകള്‍ സംഘം ചേര്‍ന്ന് പരിശോധിച്ച വിവരങ്ങള്‍ ശേഖരിച്ച് മൊൈബല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്ന രീതിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ പ്ലേ സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന രീതിയില്‍ ലളിതമായ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും.
ശുചിത്വം, കുടിവെള്ളം, കാര്‍ഷികം, ഊര്‍ജം എന്നീ നാല് മേഖലയിലുള്ള ചോദ്യങ്ങള്‍ ചെക്ക് ലിസ്റ്റില്‍ ഉപയോഗപ്പെടുത്തി ഉത്തരം നല്‍കാവുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനും കാംപയിന്‍ സന്ദേശം താഴെതട്ടിലേക്ക് എത്തിക്കുന്നതിനും ജില്ലയിലെ അയല്‍ക്കൂട്ട സെക്രട്ടറിമാരുടെ യോഗം വിളിച്ച് കുടുംബശ്രീയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ക്രോഡീകരണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാനദണ്ഡം പാലിക്കുന്ന വീടുകളെയും 80 ശതമാനം, 60 ശതമാനം, 40 ശതമാനം എന്നീ ക്രമത്തില്‍ മാനദണ്ഡം പാലിക്കുന്ന വീടുകളെയും തരം തിരിക്കും. 90 ശതമാനമോ അതില്‍ കൂടുതലോ ഹരിതഭവനം മാനദണ്ഡങ്ങള്‍ പാലിക്കുന്ന വീടുകളെ ഹരിതഭവനമായി പരിഗണിക്കും. ആ വീടുകളിലേക്ക് ഹരിതഭവനമാണെന്നതിന്റെ സാക്ഷ്യപത്രവും വീടുകളില്‍ പതിക്കുന്ന സ്റ്റിക്കറും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ അമിത്മീണ, ജില്ലാ കോ-ഓഡിനേറ്റര്‍ പി രാജു, അജീഷ്, സി കെ ഹേമലത പങ്കെടുത്തു

RELATED STORIES

Share it
Top