ഹരിതകേരളം പദ്ധതി : ഒരു കോടി വൃക്ഷത്തൈകള്‍ നടും ; ജലം ഊറ്റുന്ന മരങ്ങള്‍ വെട്ടുംതിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തൈകള്‍ നടുന്നു. പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമാവും. വനം വകുപ്പും കൃഷി വകുപ്പും ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കുന്നത്. വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങള്‍ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ വഴിയും വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതി വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാ ന്‍ഡിസ് മുതലായ മരങ്ങള്‍ പാടില്ലെന്നും തീരുമാനിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും  5ന് തുടക്കം കുറിക്കും.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതല യോഗം പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. യോഗത്തില്‍ വനം മന്ത്രി കെ രാജു, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ഹരിതകേരളം വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ, വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എം ശിവശങ്കരന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ പഥക് എന്നിവര്‍ പങ്കെടുത്തു.  പദ്ധതിക്ക് വേണ്ടി 72 ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. 5 ലക്ഷം തൈകള്‍ കൃഷി വകുപ്പും വളര്‍ത്തിയിട്ടുണ്ട്. ബാക്കി 23 ലക്ഷം തൈകള്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെ ഉടനെ തയ്യാറാക്കും. തണല്‍ മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കുന്ന പരിപാടി 'മരക്കൊയ്ത്ത്' എന്ന പേരിലാണ് നടപ്പാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വൃക്ഷത്തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഫലവൃക്ഷങ്ങള്‍, വിവിധോദ്ദേശ്യ മരങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവ വ്യാപകമായി വച്ചുപിടിപ്പിക്കുക എന്നത് ഹരിതകേരളം മിഷന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും ജലസമൃദ്ധി വീണ്ടെടുക്കാനും കേരളത്തെ ഹരിതാഭമാക്കാനും ജനകീയ പങ്കാളിത്തത്തോടെ വ്യാപകമായി മരം വളര്‍ത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top