ഹരിതകര്‍മ സേന ഫീസ് വാങ്ങുന്നത് തോന്നിയ പോലെയെന്ന് ആക്ഷേപം

കല്‍പ്പറ്റ: നഗരസഭയില്‍ മാലിന്യങ്ങള്‍ നീക്കാനായി രൂപീകരിച്ച ഹരിതകര്‍മസേനയുടെ സേവനങ്ങള്‍ക്കുള്ള ഫീസ് നിശ്ചയിക്കുന്നതു തോന്നിയതു പോലെ. നഗരസഭാ കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന് നിശ്ചയിക്കേണ്ട തുകയാണ് ഇപ്പോള്‍ തോന്നിയ പോലെ വാങ്ങുന്നത്.
കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ നിരക്ക് തീരുമാനിക്കുകയോ ചെയ്യാതെയാണ് വീടുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് യൂസര്‍ഫീ വാങ്ങുന്നത്.
തോന്നിയ പോലെ ഫീസ് വാങ്ങാനുള്ള തീരുമാനം വലിയ തോതിലുള്ള അഴിമതിക്ക് കാരണമാവുമെന്നു നഗരസഭയിലെ മുസ്്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. നിലവില്‍ ഓരോ സ്ഥലങ്ങളിലും മുനിസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥനെത്തിയാണ് ഫീസ് നിശ്ചയിക്കുന്നത്. ഇതിന് മാര്‍ഗരേഖയോ മറ്റോ പാലിക്കുന്നില്ലെന്നാണ് പരാതി. ഇതിനാല്‍ ഓരോരുത്തര്‍ക്കും ഓരോ വാടകയാണ്.
ചില വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീ വാങ്ങിക്കുകയും ചില വ്യക്തികളെയും സ്ഥാപനങ്ങളെയും ഫീസില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുന്നതായും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ഇതിനെതിരേ മുസ്്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിക്ക് നേരിട്ട് പരാതി നല്‍കുകയും ഉത്തരവാദപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. നഗരസഭാ മുസ്്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ പി ഹമീദ് അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ കെ കെ കുഞ്ഞമ്മത്, ഉമൈബ മൊയ്തീന്‍കുട്ടി, സരോജിനി, വി ശ്രീജ സംസാരിച്ചു.

RELATED STORIES

Share it
Top