ഹയര്‍ സെക്കന്‍ഡറി : 2,500 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും- വിദ്യാഭ്യാസമന്ത്രിതിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പുതുതായി 2500 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു. ഇതിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ദിവസവേതനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതിയില്ലെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി കംപ്യൂട്ടര്‍ പരിശീലനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയിലൂടെ പഠനം ഫലപ്രദമാക്കാന്‍ ഐടി @ സ്‌കൂള്‍ ഒരു പോര്‍ട്ടലിന് രൂപം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിന് അധ്യാപക പരിശീലനങ്ങളിലൂടെ നൂതനമായ പഠനബോധന തന്ത്രങ്ങള്‍ വ്യാപിപ്പിച്ച് വരുകയാണ്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് അവിധിക്കാല പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. പ്രൈമറി വിഭാഗത്തിന്റെ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഹയര്‍ സെക്കന്‍ഡറി അധ്യാപക പരിശീലനത്തിനുള്ള റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം നടന്നുവരുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമിട്ട് പുതിയ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നില്ല. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ ഒരു തടസ്സവും നിലവിലില്ല. അത്തരത്തില്‍ എന്തെങ്കിലും സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കും. കണക്ക് വിഷയം അനായാസമാക്കാന്‍ ഗണിതോല്‍സവം സംഘടിപ്പിക്കും. ഇംഗ്ലീഷിനായി കഴിഞ്ഞ കൊല്ലങ്ങളില്‍ അത്തരത്തിലൊരു പരിപാടി സര്‍ക്കാര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുകയുണ്ടായി. ഇത് വിജയകരമായതിനെത്തുടര്‍ന്നാണ് കണക്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഈ വര്‍ഷം 14 ഓട്ടിസം പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതിനായി 7 കോടി രൂപ അനുവദിച്ചു. എല്ലാ സഭാ മണ്ഡലങ്ങളിലും പാര്‍ക്കുകള്‍ സ്ഥാപിക്കുക എന്നതാണ്  ലക്ഷ്യം- മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top