ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ക്ക് തുടക്കം; ജില്ലയില്‍ 31,078 സീറ്റുകള്‍കൊല്ലം: ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ ഇന്നലെ ഉച്ചമുതല്‍ ആരംഭിച്ചു. 31,078 സീറ്റുകളാണ് ജില്ലയില്‍ ഹയര്‍സെക്കന്‍ഡറിക്കായി ഉള്ളത്. പ്രവേശന നടപടികള്‍ക്ക് മുമ്പ് തന്നെ സര്‍ക്കാര്‍ സീറ്റ് വര്‍ധന നടപ്പാക്കിയതിനാലാണ് ഇത്രയധികം സീറ്റുകള്‍ ജില്ലയ്ക്ക് ലഭിച്ചത്. ഇത്തവണ 32,494 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ വിജയിച്ചത്. ജില്ലയില്‍ ആകെ 137 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ് ഉള്ളത്. ഇതില്‍ 61 എണ്ണം സര്‍ക്കാര്‍ മേഖലയിലും 55 എണ്ണം എയ്ഡഡും 20 എണ്ണം അണ്‍ എയ്ഡഡ് സ്‌കൂളുകളും ഒരു സ്‌പെഷ്യല്‍ സ്‌കൂളുമാണ്. ആകെയുള്ള 31078 സീറ്റുകളില്‍ 22074 സീറ്റുകള്‍ മെറിറ്റ് സീറ്റുകളാണ്. ഇതില്‍ തന്നെ സയന്‍സിനാണ് ഏറ്റവും കുടുതല്‍ സീറ്റുകള്‍. 11904 സീറ്റുകള്‍. കൊമേഴ്‌സിന് 6000 സീറ്റും ഹുമാനിറ്റീസിന് 4170 സീറ്റും മെറിറ്റ് അടിസ്ഥാനത്തിലുണ്ട്. മാനേജ്‌മെന്റ് വിഭാഗത്തില്‍ സയന്‍സിന് 1944, കൊമേഴ്‌സിന് 748, ഹുമാനിറ്റീസിന് 702 സീറ്റുകളാണ് ഉള്ളത്. സയന്‍സ്-840, കൊമേഴ്‌സ്-372, ഹുമാനിറ്റീസ്-288 എന്നിങ്ങനെയാണ് കമ്മ്യൂണിറ്റി വിഭാഗത്തിലുള്ള സീറ്റുകളുടെ എണ്ണം. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ സയന്‍സിന് 2686 സീറ്റുകളും കൊമേഴ്‌സിന് 686 സീറ്റുകളും ഹുമാനിറ്റീസിന് 350 സീറ്റുകളും ജില്ലയില്‍ നിലവിലുണ്ട്. ഈ മാസം 22 വരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് 29നും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും നടക്കും. ഹയര്‍സെക്കന്‍ഡറി പ്രവേശവുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുന്നതിന് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ‘ഫോക്കസ് പോയിന്റുകള്‍’ എന്ന പേരില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്ലസ്‌വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും വിവിധ സബ്ജക്ട് കോംബിനേഷനുകള്‍ പരിചയപ്പെടുത്തുന്നതിനും ഓരോ വിഷയത്തിന്‍േറയും ഉപരിപഠന തൊഴില്‍ സാധ്യതകളെക്കുറിച്ചു വിവരം നല്‍കുന്നതിനുമാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിനു കീഴില്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് സെല്‍ ഫോക്കസ് പോയിന്റുകള്‍ എന്ന പേരുള്ള ആറ് കേന്ദ്രങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിച്ചിരിക്കുന്നത്.കൊല്ലം ക്രിസ്തുരാജ് എച്ച്എസ്എസ്, ശാസ്താംകോട്ട ജിഎച്ച്എസ്എസ്, കരുനാഗപ്പള്ളി ബോയ്‌സ് എച്ച്എസ്എസ്, കൊട്ടാരക്കര ജിബിഎച്ച്എസ്എസ്, അഞ്ചല്‍ ഈസ്റ്റ് ജിഎച്ച്എസ്എസ്, പത്തനാപുരം സെന്റ് സ്റ്റീഫന്‍ എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ഫോക്കസ് പോയിന്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ മാസം 19 വരെ ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തിക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെയാണ് ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.

RELATED STORIES

Share it
Top