ഹയര്‍ സെക്കന്‍ഡറി പരീക്ഷ: ഫീസ് അടയ്ക്കുന്നതിനുള്ള തിയ്യതി നീട്ടി

തിരുവനന്തപുരം: മാര്‍ച്ചിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നീട്ടി. രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയ്യതി ഈമാസം 21. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയ്യതി ഈമാസം 28. രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് 20 രൂപ പിഴയോടുകൂടി ഫീസടയ്ക്കുന്നതിനുള്ള അവസാന തിയ്യതി 28. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് 20 രൂപ പിഴയോടു കൂടി ഫീസടയ്ക്കുന്നതിനുള്ള അവസാന തിയ്യതി ജനുവരി നാല്. കമ്പാര്‍ട്ട്‌മെന്റല്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രം 2017 മുതല്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനാണ് നല്‍കിയത്. ഇത്തരത്തില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍, അവര്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് എഴുതിയ വിഷയത്തിന് മാര്‍ച്ച് 2018ലെ രണ്ടാം വര്‍ഷ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ പരീക്ഷയ്ക്ക് വീണ്ടും ഫീസ് ഒടുക്കി അപേക്ഷ നല്‍കേണ്ടതില്ല. കമ്പാര്‍ട്ട്‌മെന്റലല്ലാത്ത (ഒറ്റത്തവണ രജിസ്‌ട്രേഷന്റെ പരിധിയില്‍പെടാത്ത) രണ്ടാംവര്‍ഷ പരീക്ഷ എഴുതേണ്ടതായ എല്ലാ വിദ്യാര്‍ഥികളും നിശ്ചിത തിയ്യതിക്കുള്ളില്‍ രണ്ടാംവര്‍ഷ പരീക്ഷയ്ക്കുള്ള മതിയായ ഫീസ് ഒടുക്കി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അപേക്ഷാ ഫോമുകള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ലഭ്യമാണ്. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവര്‍ക്കനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

RELATED STORIES

Share it
Top