ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്ന നിര്‍ദേത്തോടെയാണ് ട്രൈബ്യൂണല്‍ വിധി. സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതു മുതല്‍ ഭരണപക്ഷ സംഘടനയായ കെഎസ്ടിഎ ഇതില്‍ ഇടപെട്ടെന്ന് ആരോപണമുണ്ടായിരുന്നു. അധ്യാപകനിയമനം സംസ്ഥാന തലത്തിലുള്ളതായതിനാല്‍ ജില്ല മാനദണ്ഡമാക്കിയാണ് സ്ഥലംമാറ്റം അനുവദിച്ചിരുന്നത്. എന്നാല്‍, ഇത്തവണ അത് വിദ്യാഭ്യാസ ഉപജില്ലയാക്കി മാറ്റുകയായിരുന്നു. ഇതു ഭരണകക്ഷിയില്‍പെട്ട ചില അധ്യാപകരെ വഴിവിട്ട് സഹായിക്കാനാണെന്നായിരുന്നു ആരോപണം. അതേസമയം, സ്ഥലംമാറ്റ ഉത്തരവില്‍ കെഎസ്ടിഎ ഇടപെട്ടുവെന്നാരോപിച്ച് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ സമരവും നടത്തിയിരുന്നു. സ്ഥലംമാറ്റ ലിസ്റ്റില്‍ നടന്ന തിരിമറികള്‍ പരിശോധിക്കണമെന്നും നിലവിലെ ലിസ്റ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദീര്‍ഘനാളായി അധ്യാപകര്‍ രംഗത്തുണ്ട്. മൂന്നു വര്‍ഷത്തെ ഔട്ട്‌സ്റ്റേഷന്‍ സര്‍വീസ് ഉള്ള അധ്യാപകര്‍ക്കു മാത്രമാണ് ഹോംസ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിക്കേണ്ടത്. എന്നാല്‍, ഇപ്പോള്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി. ഒരു സ്‌കൂളിലെ ഒരേ തസ്തികയിലേക്കു മൂന്ന് അധ്യാപകരെ വരെ നിയമിച്ച സാഹചര്യമുണ്ട്. അക്കാദമിക് വര്‍ഷത്തിന്റെ പകുതി പിന്നിടുമ്പോള്‍ അധ്യാപകര്‍ സ്ഥലം മാറിപ്പോവുന്നത് പഠനം നിലവാരം കുറയുന്നതിന് ഇടയാവും. ഇത്തരം സ്ഥലങ്ങളില്‍ പകരം അധ്യാപകര്‍ ഇല്ലാത്ത സാഹചര്യവുമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഓണ്‍ലൈന്‍ സ്ഥലംമാറ്റം കൂടുതല്‍ അപാകതകളിലേക്ക് നീങ്ങുകയാണ്. ഇത് സ്‌കൂളുകളുടെ അക്കാദമിക നിലവാരത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു.

RELATED STORIES

Share it
Top