ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അവധിക്കാല ക്ലാസുകള്‍ സജീവംമാനന്തവാടി: മധ്യവേനലവധിക്കാലത്ത് വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നടത്തരുതെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നടപ്പായില്ല. ഇതുസംബന്ധിച്ച് ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കാത്തതാണ് അവധിക്കാല ക്ലാസുകള്‍ നടത്താന്‍ കാരണം. ഹൈസ്‌കൂള്‍ തലം വരെയുള്ള വിദ്യാലയങ്ങളില്‍ യാതൊരു കാരണവശാലും വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ഏപ്രില്‍ 28നു പുറത്തിറങ്ങിയതിനെ തുടര്‍ന്ന് പല വിദ്യാലയങ്ങളും അടച്ചുപൂട്ടി. സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് വിദ്യാലയങ്ങളില്‍ യാതൊരു ക്ലാസുകളും സംഘടിപ്പിക്കരുതെന്നു സര്‍ക്കാര്‍ മുന്‍ വര്‍ഷം തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കെ, ചില സിബിഎസ്‌സി, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതു ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 28നാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. കനത്ത വേനല്‍ച്ചൂടിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു കമ്മീഷന്റെ ഇടപെടല്‍. ഇതനുസരിച്ച് ഏപ്രില്‍ 28ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതു ലംഘിച്ച് ക്ലാസുകള്‍ നടത്തുന്നതു ശ്രദ്ധയില്‍പെട്ടാല്‍ പ്രധാനാധ്യാപകര്‍ക്കെതിരേ ശിക്ഷണ നടപടികളെടുക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബാലാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദേശ പ്രകാരം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ചില വിദ്യാലയങ്ങളില്‍ മാത്രം അവധിക്കാല ക്ലാസുകളെടുക്കുന്നത്. സയന്‍സ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് മാനന്തവാടി ഉപജില്ലയിലെ ഏതാനും സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും അവധിക്കാല ക്ലാസുകള്‍ നടത്തുന്നത്. ചില വിദ്യാലയങ്ങള്‍ സ്‌കൂള്‍ യൂനിഫോം പോലും നിര്‍ബന്ധമാക്കാതെ രഹസ്യമായാണ് ക്ലാസ് നടത്തുന്നത്. സ്‌കൂളിനോട് ചേര്‍ന്ന സ്വകാര്യ കെട്ടിടങ്ങളില്‍ പോലും വിലക്ക് മറികടക്കാന്‍ ക്ലാസുകളെടുക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരിശോധന നടത്താനും പ്രത്യേക സംവിധാനമില്ലാത്തതിനാല്‍ ക്ലാസുകള്‍ നിര്‍ബാധം തുടരുകയാണ്.

RELATED STORIES

Share it
Top