ഹമീദിന്റെ ദൃഢതയ്ക്ക് മുന്നില്‍ അധികാരികള്‍ തോറ്റു

മട്ടാഞ്ചേരി: കഴിഞ്ഞ 34 വര്‍ഷങ്ങളായി മുടക്കം കൂടാതെ നടന്നു വരുന്ന ഒരു ടൂര്‍ണമെന്റാണ് മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം നടത്തി വരുന്ന ഫുട്‌ബോള്‍ മല്‍സരം. ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിയില്‍ നടന്നു വന്നിരുന്ന ഈ മല്‍സരം മൈതാനത്തിന്റെ നവീകരണത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം തേവരയിലേക്ക് മാറ്റി. മല്‍സരങ്ങള്‍ വിജയമായിരുന്നെങ്കിലും കാണികള്‍ക്ക് ക്ഷാമമായിരുന്നു തേവരയില്‍ അനുഭവപ്പെട്ടത്. ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ പ്രേമികളുള്ള ഫോര്‍ട്ടുകൊച്ചിയിലേക്ക് തന്നെ മല്‍സരം തിരികെ കൊണ്ടുവരാനായി പിന്നീട് ശ്രമം. മട്ടാഞ്ചേരി സ്വദേശിയും ഇപ്പോള്‍ ആലുവയില്‍ സ്ഥിരതാമസമാക്കിയിട്ടുമുള്ള പി എം ഹമീദ് ആണ് മല്‍സരത്തിന്റെ മുഖ്യ സംഘാടകന്‍. ഗ്രൗണ്ട് മാര്‍ക്കിങ് മുതല്‍ കളിക്കാര്‍ക്ക് വെള്ളം കൊടുക്കുന്നതും ട്രോഫികള്‍ സംഘടിപ്പിക്കുന്നതുമെല്ലാം ഹമീദ് തന്നെയാണെന്നതാണ് ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത. പരേഡ് മൈതാനത്തിന്റെ നവീകരണം കഴിഞ്ഞ് ഫിഫ മല്‍സരം കഴിഞ്ഞതോടെ കഴിഞ്ഞ ഒന്നര മാസമായി ടൂര്‍ണമെന്റ് സ്ഥിരമായി നടത്താറുള്ള പരേഡ് മൈതാനിയിലേക്ക് മല്‍സരം മാറ്റുവാനുള്ള നെട്ടോട്ടത്തിലായിരുന്നു ഹമീദ് . കഴിഞ്ഞ മാസം 18 ന് ഫിഫ നോഡല്‍ ഓഫീസറായിരുന്ന മുഹമ്മദ് ഹനീഷ് മൈതാനത്തിന്റെ താക്കോല്‍ സബ് കലക്ടറെ ഏല്‍പിച്ചിരുന്നെങ്കിലും കായിക താരങ്ങള്‍ക്ക് കളിക്കുവാന്‍ പോലും മൈതാനം തുറന്നുകൊടുത്തിരുന്നില്ല. ടൂര്‍ണമെന്റിന് മൈതാനം അനുവദിക്കുന്നതിന് വേണ്ടി ഹമീദ് മുട്ടാത്ത വാതിലുകള്‍ ഇല്ല. രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരെയും മാറി മാറി കണ്ടെങ്കിലും നടപടികള്‍ ആകാത്തതിനെതുടര്‍ന്ന് മല്‍സരം തേവരയിലേക്ക് മാറ്റുവാനിരിക്കെയാണ് കായിക പ്രേമികള്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു വന്നത്. ഇതോടെയാണ് ടൂര്‍ണമെന്റ് നടത്തുവാന്‍ അനുമതിയായത്. ടൂര്‍ണമെന്റ് നാളെ ഡോ. മൂസക്കുട്ടി ഉദ്ഘാടനം ചെയ്യും. പത്ത് ടീമുകളാണ് മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്.

RELATED STORIES

Share it
Top