ഹമദ് തുറമുഖം 24ന് ഭാഗികമായി തുറക്കും

ദോഹ: ഖത്തറിലെ പ്രമുഖ തുറമുഖമായ ഹമദ് തുറമുഖം ഡിസംബര്‍ 24ന് ഭാഗികമായി വാണിജ്യ കാര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തനം ആരംഭിക്കും. ഏതാനും കപ്പലുകള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും നങ്കൂരമിടാനാണ് അവസരം നല്‍കുന്നത്. ഗതാഗത മന്ത്രാലയമാണ് പ്രവര്‍ത്തനോദ്ഘാടനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രവര്‍ത്തനം പൂര്‍ണമായും ആരംഭിക്കുന്നതോടെ ഹമദ് തുറമുഖത്തിന് വര്‍ഷത്തില്‍ 60 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഹമദ് തുറമുഖത്തെ മറ്റ് ജിസിസി രാജ്യങ്ങളുമായി കടല്‍, റോഡ് മാര്‍ഗം ബന്ധിപ്പിക്കും. 17 ലക്ഷം ടണ്‍ സാധാരണ ഭക്ഷ്യവസ്തുക്കളും 10ലക്ഷം ഭക്ഷ്യധാന്യങ്ങളും അഞ്ച് ലക്ഷം വാഹനങ്ങളും ഒരേ സമയം കൈകാര്യം ചെയ്യാന്‍ പാകത്തിലാണ് ഹമദ് തുറമുഖം സജ്ജമാകുന്നത്. അടുത്തവര്‍ഷം അവസാനത്തോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനറല്‍ കാര്‍ഗോ ടെര്‍മിനല്‍, തീര വിതരണ കേന്ദ്രം, തീര ദേശസേനാ സംവിധാനം, പോര്‍ട്ട് മറൈന്‍ യൂനിറ്റ് എന്നിവയും ഹമദ് തുറമുഖത്ത് തയ്യാറാകുന്നുണ്ട്. കേന്ദ്രീകൃത കസ്റ്റംസ് ഏരിയ, പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്റ്റ്, കപ്പല്‍ പരിശോധനാ കേന്ദ്രം, 110എം കണ്‍ട്രോള്‍ ടവര്‍, വിവിധ കപ്പല്‍ ഗതാഗത സൗകര്യങ്ങള്‍ എന്നിവയും മസ്ജിദ്, സംഭരണ കേന്ദ്രം തുടങ്ങി മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്. ഖത്തറിനെ കടല്‍ വ്യാപാരത്തിന്റെ കവാടമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് ഹമദ് പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും രാജ്യത്തിന്റെയും സ്വപ്‌ന പദ്ധതിയായ ദേശീയ ദര്‍ശന രേഖ 2030ന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ് പുതിയ തുറമുഖത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍. ഖത്തറിന്റെ സാമ്പത്തിക വൈവിധ്യ വല്‍ക്കരണത്തിന് പിന്തുണ നല്‍കാനും തുറമുഖത്തിന്റെ വികസനം സഹായിക്കും.

RELATED STORIES

Share it
Top