ഹനാനെതിരേ സോഷ്യല്‍ മീഡിയ ആക്രമണം: ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു; കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും

കൊച്ചി: ഉപജീവനത്തിനായി മീന്‍ വിറ്റ കോളജ് വിദ്യാര്‍ഥിനി ഹനാനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച കേസി ല്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പുന്നയൂര്‍ക്കുളം ചെറായി പൈനാട്ടായില്‍ വിശ്വനാഥനെയാണ് (42) പോലിസ് പിടികൂടിയത്. കേസില്‍ ആദ്യത്തെ അറസ്റ്റാണിത്. ഹനാനെ അപമാനിച്ച് പരാമര്‍ശങ്ങള്‍ നടത്തിയവരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് സൈബര്‍ സെല്‍ അപേക്ഷ ന ല്‍കിയിരിക്കുകയാണ്.
വിദ്യാര്‍ഥിനിക്കെതിരേ ഫേസ്ബുക്കി ല്‍ അശ്ലീലമായി പോസ്റ്റിട്ടതിനാണ് വിശ്വനാഥനെ തൃശൂര്‍ പോലിസ് പിടികൂടി പിന്നീട് പാലാരിവട്ടം പോലിസിന് കൈമാറിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പോലിസ് അറസ്റ്റ് ഭയന്ന് ഇയാള്‍ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍ജീവമാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനും അന്വേഷണസംഘം നീക്കം ആരംഭിച്ചു. താനറിയാതെ മറ്റാരോ ആണ് തന്റെ മൊബൈല്‍ ഫോണിലൂടെ ഹനാനെതിരേ പോസ്റ്റിട്ടതെന്നാണ് വിശ്വനാഥന്‍ മൊഴിനല്‍കിയിരിക്കുന്നത്. ഐടി ആക്റ്റിന് പുറമെ സ്ത്രീത്വത്തെ അപമാനിക്കല്‍, മര്യാദ ലംഘനം, അശ്ലീല പരാമര്‍ശം, തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് വിശ്വനാഥനെതിരേ കേസെടുത്തിട്ടുള്ളത്. ഹനാനെ അധിക്ഷേപിക്കുന്ന പ്രചാരണത്തില്‍ പങ്കാളികളായ കൂടുതല്‍ സൈബര്‍ കുറ്റവാളികളുടെ വിവരം പോലിസ് ശേഖരിച്ചിട്ടുണ്ട്.
ഹനാനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് നല്‍കിയ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ ശനിയാഴ്ച പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നൂറുദീന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ അര്‍ജുന്‍ സി വനജിനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണെന്നും അന്വേഷണസംഘം അറിയിച്ചു. ഹനാനെ ആദ്യം അനുകൂലിച്ച് പോസ്റ്റിട്ട താന്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ അര്‍ജുന്‍ പറഞ്ഞതനുസരിച്ചാണ് നിലപാട് മാറ്റിയതെന്ന് നൂറുദ്ദീന്‍ ചോദ്യംചെയ്യലില്‍ പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇയാളെ വീണ്ടും വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്ന് പോലിസ് അറിയിച്ചു.
അശ്ലീല പോസ്റ്റിട്ടവരെയാണ് ആദ്യഘട്ടത്തില്‍ പിടികൂടുക. അധിക്ഷേപങ്ങള്‍ക്ക് ലൈക്കടിക്കുന്നതും തത്തുല്യ കുറ്റമായി കാണുമെന്ന് പോലിസ് വ്യക്തമാക്കി. ഐടി ആക്റ്റ് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുന്നത്.

RELATED STORIES

Share it
Top