ഹണി ട്രാപ്പ്: പാകിസ്താനിലെ ഇന്ത്യന്‍ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിലെ മൂന്നു ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍ കുടുക്കി വിവരങ്ങള്‍ ചോര്‍ത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ ശ്രമിച്ചതായി റിപോര്‍ട്ട്.  ഇരയായ ഉദ്യോഗസ്ഥരെ കഴിഞ്ഞയാഴ്ച ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥരെ ചോദ്യംചെയ്തതായുമാണു വിവരം. ഔദ്യോഗിക രേഖകള്‍ വിവര്‍ത്തനം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് കുടുക്കാന്‍ ശ്രമിച്ചത്.ഔദ്യോഗിക രേഖകളുടെ വിവര്‍ത്തന ജോലി ചെയ്യുന്നവരായതിനാല്‍ പ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നു കണ്ടാണ് ഐഎസ്‌ഐ ഇവരെ ലക്ഷ്യമിട്ടത്. ഇതു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ അധികാരികളെ വിവരമറിയിച്ചതോടെ ഐഎസ്‌ഐ നീക്കം പാളിയെന്നാണു വാര്‍ത്തകള്‍. തിരിച്ചുവിളിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പാളിച്ചപറ്റിയതായി അന്വേഷണസംഘം സംശയിക്കുന്നില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.അന്വേഷണം നടക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ ഇനി പാകിസ്താനിലേക്ക് മടക്കിയയക്കാന്‍ സാധ്യതയില്ല. കൂടാതെ, ഇത്തരത്തില്‍ മറ്റേതെങ്കിലും ഉദ്യോഗസ്ഥരെ കെണിയില്‍ വീഴ്ത്താന്‍ ശ്രമം നടക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ജൂനിയര്‍ ഓഫിസര്‍മാരെ ചാരവനിതകളെ ഉപയോഗിച്ച് ഹോട്ടലുകളിലേക്ക് എത്തിച്ച ശേഷം ഇവരുടെ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്താനായിരുന്നു പദ്ധതി.പാകിസ്താനിലെ പ്രാദേശിക ഹോട്ടലുകളില്‍ സ്ത്രീകളെ നിയമിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കെണിയില്‍പ്പെടുത്താന്‍ മുമ്പും ശ്രമം നടന്നിരുന്നു. ഐഎസ്‌ഐയ്ക്ക് അഫ്ഗാനിസ്താനിലെ ഇന്ത്യയുടെ വികസന പരിപാടികളെ കുറിച്ചുളള വിവരം കൈമാറിയ മാധുരി ഗുപ്ത എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥയെ 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. അഫ്ഗാനിസ്താനില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രേഖകളാണ് ചോര്‍ത്തിയത്. ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാകിസ്താനും ഏതാനും സ്ഥാനപതികാര്യാലയ ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കിയിരുന്നു.

RELATED STORIES

Share it
Top