ഹജ്ജ്: 70 കഴിഞ്ഞവര്‍ക്ക് മാത്രം നേരിട്ട് അവസരം

കരിപ്പൂര്‍/കൊണ്ടോട്ടി: ഇത്തവണത്തെ ഹജ്ജ് അപേക്ഷകരില്‍ നിന്നു നേരിട്ട് നറുക്കെടുപ്പ് കൂടാതെ അവസരം നല്‍കുന്നത് 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം. ഇവര്‍ ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ് ചെയ്തവരാവരുതെന്നും നിര്‍ബന്ധമുണ്ട്. ശേഷിക്കുന്ന അപേക്ഷകളെല്ലാം ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ അവസരം നല്‍കും.
ഹജ്ജ് അപേക്ഷകളില്‍ ഈ വര്‍ഷം ഒരു കവറില്‍ അഞ്ചുപേര്‍ക്കു വരെ അപേക്ഷിക്കാനുള്ള അനുമതിയുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് നാലായിരുന്നു. അപേക്ഷകളിലെ നറുക്കെടുപ്പ് ഡിസംബര്‍ അവസാന വാരം നടക്കും. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് 2020 ജനുവരി 31 വരെ കാലാവധിയുള്ള മെഷിറീഡബിള്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്.
70 വയസ്സിനു മുകളില്‍ പ്രായമുള്ളവരോടൊപ്പം ഒരു സഹായിക്കും നേരിട്ട് അവസരം നല്‍കും. ഇവര്‍ രക്തബന്ധമുള്ളവരായിരിക്കണമെന്നു നിര്‍ബന്ധമാണ്.
ഹജ്ജിന് അപേക്ഷിക്കുന്ന സ്ത്രീകളില്‍ 45 വയസ്സിനു മകളിലുള്ള അഞ്ചുപേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. എന്നാ ല്‍, 45 വയസ്സിനു താഴെയുള്ളവര്‍ക്ക് മെഹ്‌റമായി കവറില്‍ ഒരു പുരുഷന്‍ നിര്‍ബന്ധമാണ്. 45 വയസ്സിനു മുകളിലുള്ള സ്ത്രീ അപേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നതിന് ഇത്തവണ അനുമതിയായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇവര്‍ക്കും നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം നല്‍കിയിരുന്നു. മാറാരോഗികള്‍, എയ്ഡ്‌സ് പോലുള്ള രോഗബാധിതര്‍, ബുദ്ധിമാന്ദ്യം, മനോരോഗികള്‍, ഹജ്ജ് വേളയില്‍ പൂര്‍ണ ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ പാടില്ല. ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ ഇന്നുമുതല്‍ അടുത്ത മാസം 17 വരെയാണ് സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഇവയുടെ പകര്‍പ്പ് പിന്നീട് നേരിട്ടോ തപാലിലോ ഹജ്ജ് കമ്മറ്റിയില്‍ ഹാജരാക്കണം. ഓണ്‍ലൈന്‍ പ്രിന്റൗട്ട്, അനുമബന്ധ രേഖകള്‍, പാസ്‌പോര്‍ട്ടിന്റെ കോപ്പി, സത്യവാങ്മൂലം തുടങ്ങിയവയാണ് ഹജ്ജ് ഹൗസില്‍ നല്‍കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷകളും പ്രിന്റൗട്ടും പരിശോധിച്ചായിരിക്കും പിന്നീട് കവര്‍ നമ്പര്‍ നല്‍കുക.
ഈ വര്‍ഷത്തെ ഹജ്ജ് മാസ്റ്റര്‍ ട്രെയ്‌നര്‍മാരായി മുജീബ് മാസ്റ്റര്‍, കബീര്‍ മാസ്റ്റര്‍, എന്‍ പി സൈനുദ്ദീന്‍, കുഞ്ഞിമുഹമ്മദ്, യൂസുഫ് ഹാജി എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ ജില്ലയിലെ ട്രെയ്‌നര്‍മാര്‍- അമാനുല്ല (കാസര്‍ക്കോട്), കണ്ണൂര്‍ (ഗഫൂര്‍), വയനാട് (നൗഷാദ്), ബാപ്പുഹാജി (കോഴിക്കോട്), പി പി എം മുസ്തഫ (മലപ്പുറം), ജാഫര്‍ (പാലക്കാട്), സലീം (തൃശൂര്‍), ജസല്‍ തോട്ടത്തിക്കുളം (എറണാംകുളം), പി നിഷാദ് (ആലപ്പുഴ), അജിംസ് (ഇടുക്കി), നജീബ് (കോട്ടയം), ആരിഫ് (പത്തനംതിട്ട), ഷാജഹാന്‍ (കൊല്ലം), ഡോ. അഹമ്മദ് (തിരുവന്തപുരം). അപേക്ഷകര്‍ കൂടുതലുണ്ടാവുന്ന ജില്ലകളില്‍ അസി. ജില്ലാ ട്രെയ്‌നര്‍മാരെയും ഫീല്‍ഡ് ട്രെയ്‌നര്‍മാരെയും നിയമിച്ചിട്ടുണ്ടെന്നു കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി അറിയിച്ചു.

RELATED STORIES

Share it
Top