ഹജ്ജ്-2019 ട്രെയിനര്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

കൊണ്ടോട്ടി: ഹജ്ജ്-2019 ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.
ഹജ്ജ് അപേക്ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍, അപേക്ഷയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും കൃത്യമായും സമയബന്ധിതമായും ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കലുമാണ് ട്രെയിനര്‍മാരുടെ പ്രധാന ചുമതല.
ഹജ്ജ് അപേക്ഷ ലഭ്യമാക്കുകയും പൂരിപ്പിച്ചുനല്‍കുകയും വേണ്ട രേഖകളെക്കുറിച്ച് വിവരം നല്‍കുകയും വേണം. ഹജ്ജ് അപേക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ക്ലാസ് നിശ്ചയിക്കുന്ന സ്ഥലത്ത് സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ സംഘടിപ്പിക്കണം.
തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായി പരിശീലന ക്ലാസുകള്‍ നല്‍കണം. ഇതോടൊപ്പം മെഡിക്കല്‍ ക്യാപും കുത്തിവയ്പ് ക്യാംപും സംഘടിപ്പിക്കുകയും വേണം. ഹജ്ജ് യാത്രയ്ക്ക് ആവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ സഹായിക്കുകയും ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സമയത്തിന് ഹാജിമാരെ അറിയിക്കുകയും വേണം. ഹജ്ജ് കമ്മിറ്റി ഏല്‍പിക്കുന്ന മറ്റ് ചുമതലകളും വഹിക്കണം.
പ്രതിഫലം കൂടാതെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരാണ് അപേക്ഷിക്കേണ്ടത്. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 9നകം എക്‌സിക്യൂട്ടീവ് ഓഫിസര്‍, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് പിഒ, മലപ്പുറം-673 647 എന്ന വിലാസത്തില്‍ നിശ്ചിത ഫോറത്തില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നിശ്ചിത ഫോറത്തിലല്ലാത്തതും അവ്യക്തവും അപൂര്‍ണവുമായ അപേക്ഷകളും നിശ്ചിത തിയ്യതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കുന്നതല്ല. നേരത്തെ ട്രെയിനര്‍ സേവനത്തില്‍ നിന്ന് ഒഴിവായവരും ഒഴിവാക്കപ്പെട്ടവരും ഈ വര്‍ഷം അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകര്‍ക്ക് 2018 സപ്തംബറിലേക്ക് 50 വയസ്സ് കവിയരുത്. ഹജ്ജ് കര്‍മം നിര്‍വഹിച്ചവരും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം.
അഭിമുഖം 11ന് രാവിലെ 10ന് കരിപ്പൂര്‍ ഹജ്ജ്ഹൗസ് (കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലുള്ള അപേക്ഷകര്‍ക്ക്), 12ന് രാവിലെ 10ന് കരിപ്പൂര്‍ ഹജ്ജ്ഹൗസ് (മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക്) ഹാജരാവണം. 13ന് രാവിലെ 10ന് എറണാകുളം കലൂര്‍ വഖ്ഫ് ബോര്‍ഡ് ഓഫിസ് (തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക്) എന്നിവിടങ്ങളില്‍ നടക്കും.



RELATED STORIES

Share it
Top