ഹജ്ജ് സര്‍വീസുകളില്‍നിന്ന് എയര്‍ ഇന്ത്യ പിന്തിരിയുന്നു

കൊണ്ടോട്ടി: ഹജ്ജ് സീസണില്‍ വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്തുന്നതില്‍നിന്ന് എയര്‍ ഇന്ത്യ പിന്തിരിയുന്നു. ബാധ്യതകള്‍ കുറക്കുന്നതിന്റെ ഭാഗമായാണ് മറ്റു വിമാന കമ്പനികള്‍ക്ക് ഹജ്ജ് സര്‍വ്വീസിന് അനുമതി അവസരം നല്‍കി ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികള്‍ ഏറ്റെടുക്കാന്‍ എയര്‍ഇന്ത്യ തുനിയുന്നത്.
അടുത്ത ഫെബ്രുവരിയിലാണ് ഹജ്ജ് സര്‍വ്വീസുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കുന്നത്. എയര്‍ ഇന്ത്യയുടെ പിന്‍മാറ്റം മറ്റുവിമാന കമ്പനികള്‍ക്ക് മുതല്‍കൂട്ടാവും. എയര്‍ ഇന്ത്യക്ക് നിലവില്‍ 52,000 കോടി രൂപയുടെ ബാധ്യതയാണുളളത്. വിമാനങ്ങള്‍ വാങ്ങിയ ഇനത്തില്‍ കുടിശ്ശികയായി 20,000 കോടി രൂപയും പ്രവര്‍ത്തനനഷ്ടമായി 30,000 കോടിയും ഉള്‍പ്പടെയാണിത്.
ഇതിനുപുറമെ വര്‍ഷംതോറും നാലായിരം കോടിയുടെ അധിക ബാധ്യതയും വിമാന കമ്പനി സര്‍ക്കാരിനു വരുത്തുന്നുണ്ട്. ഇതോടൊപ്പം എയര്‍ ഇന്ത്യക്ക് 1200 കോടി രൂപയുടെ ബാധ്യത ജീവനക്കാരോടുമുണ്ട്. 27,000 വരുന്ന ജീവനക്കാര്‍ക്ക് ശമ്പളവും അനുബന്ധ അലവന്‍സുകളുമാണ് കുടിശ്ശികയായുയുള്ളത്. വര്‍ഷങ്ങളായി എയര്‍ഇന്ത്യക്കാണ് ഇന്ത്യയിലെ ഹജ്ജ് സര്‍വീസുകളില്‍ ഭൂരിഭാഗവും ലഭിക്കാറുളളത്. ശേഷിക്കുന്ന ടെന്‍ഡര്‍ സൗദി എയര്‍ലൈന്‍സിനുമാണ്. വിദേശ രാജ്യങ്ങളില്‍നിന്നു ഹജ്ജ് സര്‍വീസിനായി മാത്രം വിമാനങ്ങള്‍ വാടകയ്ക്ക് എടുത്താണ് എയര്‍ഇന്ത്യ സര്‍വീസ് നടത്തിയിരുന്നത്.
എന്നാല്‍, വാടക ഇനത്തിലും കടബാധ്യത ഇല്ലാതാക്കുന്നതിന് ഹജ്ജ് സര്‍വീസിലെ മേധാവിത്വമാണ് എയര്‍ഇന്ത്യ വേണ്ടെന്ന് വയ്ക്കുന്നത്. 118 വിമാനങ്ങളാണ് എയര്‍ഇന്ത്യക്ക് ആകെ സര്‍വീസിനായുള്ളത്. ഇതില്‍ 77 എണ്ണം സ്വന്തമായും 41 എണ്ണം പാട്ടത്തിനുമാണ്. ഇതിനു പുറമെ ഹജ്ജിന് വാടകയ്ക്ക് എടുക്കുന്നത് വിമാന കമ്പനിക്ക് കടുത്ത ബാധ്യതയാണ് വരുത്തുന്നത്.
നിലവില്‍ എയര്‍ ഇന്ത്യക്ക് കീഴില്‍ നഷ്ടമില്ലാതെ പ്രവര്‍ത്തിച്ചുവരുന്നത് ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലികളാണ്. ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലും എയര്‍ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലികള്‍ ഏറ്റെടുക്കുന്നുണ്ട്. സൗദി എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വേയ്‌സ്, സ്‌പെയ്‌സ് ജെറ്റ് തുടങ്ങിയ വിമാനങ്ങളാണ് നിലവില്‍ ഹജ്ജ് ടെന്‍ഡര്‍ നല്‍കാനൊരുങ്ങുന്നത്.

RELATED STORIES

Share it
Top