ഹജ്ജ് വോളന്റിയര്‍ അഭിമുഖംചെയര്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കോടതിയില്‍ ഹാജരാവണം

കൊണ്ടോട്ടി: ഹജ്ജ് വോളന്റിയര്‍ അഭിമുഖത്തില്‍ സര്‍ക്കാര്‍ കൈകടത്തലിനെതിരേ ഹജ്ജ് കമ്മിറ്റി അംഗം എ കെ അബ്ദുര്‍റഹ്മാന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ 10ന് കോടതിയില്‍ ഹാജരാവണമെന്ന് നിര്‍ദേശം. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, ഹജ്ജ് സെക്രട്ടറി മലപ്പുറം ജില്ലാകലക്ടര്‍ എന്നിവര്‍ക്കാണ് കോടതി നിര്‍ദേശം ലഭിച്ചത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കാണ്  അഭിമുഖത്തിന്റെ ചുമതല. വര്‍ഷങ്ങളായി ഹജ്ജ് കമ്മിറ്റി പ്രതിനിധികളാണ്  അഭിമുഖം നടത്തുന്നത്. എന്നാല്‍, ഇതിന് വിരുദ്ധമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയെ അഭിമുഖത്തിനുള്ള ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിനെതിരേയാണ്  അബ്ദുര്‍റഹ്മാന്‍ കോടതിയെ സമീപിച്ചത്.  ഹജ്ജ് വോളന്റിയര്‍ (ഖാദിമുല്‍ ഹുജ്ജാജ്) നിയമന അഭിമുഖത്തില്‍ ഭാഷാ പ്രാവിണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ പ്രാവണ്യമുള്ളവര്‍ക്കാണ് ഈവര്‍ഷം മുന്‍ഗണന നല്‍കുക എന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ഹജ്ജിന് പോവുന്ന തീര്‍ത്ഥാടകരെ ഹജ്ജ് വേളയില്‍ സഹായിക്കാനാണ് ഹജ്ജ് വോളന്റിയര്‍മാരെ (ഖാദിമുല്‍ ഹുജ്ജാജ്) തിരഞ്ഞെടുക്കുന്നത്.   ഇന്നലേയും മിനിഞ്ഞാന്നുമായി 231 പേരാണ് അഭിമുഖത്തിന് എത്തിയിരുന്നത്. ഒരു സ്ത്രീ ഉള്‍പ്പെടെ 54 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ മാസം 19ന് ചേരുന്ന  യോഗത്തില്‍ പങ്കെടുക്കണം.

RELATED STORIES

Share it
Top