ഹജ്ജ് വോളന്റിയര്‍മാരുടെ സംഗമം

നെടുമ്പാശ്ശേരി: ഹാജിമാരുടെ സേവനത്തിനായി പുറപ്പെടുന്ന ഹജ്ജ് വോളന്റിയര്‍മാര്‍ മക്കയിലും മദീനയിലും ഏതുസമയത്തും സേവന സന്നദ്ധരായി നിലകൊള്ളണമെന്നു ഹജ്ജ്കാര്യ മന്ത്രി ഡോ. കെ ടി ജലീല്‍. നെടുമ്പാശ്ശേരിയില്‍ നടന്ന ഹജ്ജ് വോളന്റിയര്‍മാരുടെ (ഖാദിമുല്‍ ഹജ്ജാജ്) സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഈ വര്‍ഷം കേരളത്തില്‍ നിന്നു യാത്രയാവുന്ന 58 വോളന്റിയര്‍മാരില്‍ മൂന്നു വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യമായാണു ഹജ്ജ് വോളന്റിയര്‍മാരായി വനിതകള്‍ യാത്രതിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നാണു വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നത്. ഹജ്ജ്കര്‍മം പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മടങ്ങിയെത്തുമ്പോള്‍ ഓരോ വോളന്റിയര്‍മാരുടെ കീഴിലുള്ള തീര്‍ത്ഥാടകരില്‍ നിന്നും അവരുടെ സേവനങ്ങളെ ക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപോര്‍ട്ട് അവര്‍ ജോലി ചെയ്യുന്ന വകുപ്പ് മേധാവികള്‍ക്ക് കൈമാറുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും ആവര്‍ത്തിച്ച് വോളന്റിയര്‍മാരായി പോവുന്ന രീതി ഒഴിവാക്കി ആദ്യമായി പോവുന്നവര്‍ക്കാണ് ഇത്തവണ മുഖ്യ പരിഗണന നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ലിസ്റ്റില്‍ ഉള്‍പ്പെട്ട 55 പേരും ആദ്യമായി വോളന്റിയര്‍മാരായി യാത്രതിരിക്കുന്നവരാണ്. ഉംറയോ, ഹജ്ജോ നിര്‍വഹിച്ചവരായിരിക്കണമെന്നതായിരുന്നു പ്രധാന നിബന്ധന. തീര്‍ത്ഥാടകര്‍ക്കു മുന്നില്‍ വോളന്റിയര്‍മാര്‍ സര്‍ക്കാരിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും പ്രതിരൂപമാണെന്നു മറക്കരുതെന്നും അദേഹം ഓര്‍മിപ്പിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ബാബു സേട്ട്, ശരീഫ് മണിയാട്ടുകുടി, അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍, കോ-ഓഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top