ഹജ്ജ് വൊളന്റിയര്‍മാരുടെ പരിശീലന പരിപാടിയ്ക്ക് മുംബൈയില്‍ തുടക്കം

മുംബൈ: ഹജ്ജ് തീര്‍ത്ഥാടകരെ അനുഗമിച്ച് സേവനങ്ങള്‍ നല്‍കുന്നതിന് നിയമിക്കുന്ന ഹജ്ജ് വൊളന്റിയര്‍മാര്‍ക്ക്
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുംബൈയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയ്ക്ക് തുടക്കമായി. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഹാജിമാര്‍ക്ക് വഴികാട്ടികളായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ഇത്തവണ യാത്രയാകുന്നത് അറുനൂറോളം ഹജ്ജ് വൊളന്റിയര്‍മാരാണ്. 'ഖാദിമുല്‍ ഹജ്ജാജ് 'എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ മുഖേന യാത്രയാകുന്ന ഇവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ്.
ഈ പരിശീലനത്തില്‍ പങ്കെടുത്തവരെ മാത്രമേ ഹജ്ജ് വൊളന്റിയര്‍മാരായി സേവനംചെയ്യാന്‍ അനുവദിക്കൂ. കേരളത്തില്‍നിന്ന് ഇത്തവണ ഒരു വനിതയടക്കം 54 ഹജ്ജ് വൊളന്റിയര്‍മാരാണുണ്ടാവുക. ഇവരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം പൂര്‍ത്തിയായി.ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് തീര്‍ത്ഥാടനത്തിനിടയ്ക്ക് ആവശ്യമായ സേവനങ്ങളും സഹായങ്ങളും ഉറപ്പാക്കുകയാണ് ഹജ്ജ് വൊളന്റിയറുടെ ചുമതല. ഇതേക്കുറിച്ച് പരിശീലനത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കും. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഹജ്ജ് തീര്‍ത്ഥാടകരെ അനുഗമിക്കുമ്പോള്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഈ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ഈ വര്‍ഷംഓരോ സംസ്ഥാനത്തെയും ഹജ്ജ് വൊളന്റിയര്‍മാര്‍ക്ക് വ്യത്യസ്തമായ യൂണിഫോമാണ്. കഴിഞ്ഞ തവണ വരെ ഇന്ത്യയില്‍ നിന്നുള്ള വൊളന്റിയര്‍മാര്‍ക്ക് ഒരേ തരത്തിലുള്ള യൂണിഫോമാണ് നല്‍കിയിരുന്നത്. ഇതുമൂലം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. പുതിയ രീതി നടപ്പാക്കുന്നതോടെ ഓരോ സംസ്ഥാനത്തെയും വൊളന്റിയര്‍മാരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി  593 പേരെയാണ് ഇതുവരെ വൊളന്റിയറായി തിരഞ്ഞെടുത്തിരിക്കുന്നത്. 151 മുതല്‍ 301 വരെയുള്ള തീര്‍ത്ഥാടകര്‍ക്ക് ഒരു വൊളന്റിയര്‍ എന്ന നിലയിലായിരുന്നു തിരഞ്ഞെടുപ്പ്. കേരളത്തില്‍ നിന്ന് 200 തീര്‍ത്ഥാടകര്‍ക്ക് ഒരു വൊളന്റിയര്‍ എന്ന കണക്കില്‍ 56 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പുറപ്പെടുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ വൊളന്റിയര്‍മാര്‍ ഉള്ളത്. യുപിയില്‍ നിന്നുള്ള 29,017 ഹാജിമാരെയും നയിച്ചു കൊണ്ട് 146 വൊളന്റിയര്‍മാരാണ് മക്കയിലെത്തുക. 196 തീര്‍ത്ഥാടകരുള്ള ഗോവയില്‍ നിന്ന് ഒരു വൊളന്റിയര്‍ മാത്രമാണ് ഉണ്ടാകുക. 388 തീര്‍ത്ഥാടകരുള്ള ഛത്തീസ്ഗഢ്, 298 പേരുള്ള ലക്ഷദ്വീപ്, 388 പേരുള്ള മണിപ്പുര്‍, 688 പേരുള്ള ഒഡിഷ, 303 പേരുള്ള പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് രണ്ടു വീതം വൊളന്റിയര്‍മാരുണ്ടാകും. മലയാളിയായ മുജീബ് റഹ്മാന്‍ പുത്തലത്താണ് ഈ വര്‍ഷം മക്കയില്‍ ഹജ്ജ് വൊളന്റിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്.

RELATED STORIES

Share it
Top