'ഹജ്ജ് വിമാന നിരക്കിലെ അധിക തുക; കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പിടിപ്പുകേട്'

കരിപ്പൂര്‍: ഹജ്ജ് വിമാന കമ്പനികളുമായി ഉണ്ടാക്കുന്ന കരാറില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുണ്ടായ വീഴ്ച ഹാജിമാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആക്ഷേപം. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസിന് വിമാന കമ്പനികളില്‍ നിന്ന് ഫെബ്രുവരിയില്‍ ക്വട്ടേഷന്‍ ക്ഷണിക്കുകയും മെയ് മാസത്തില്‍ കരാര്‍ ഒപ്പിടുകയുമാണ് ചെയ്തത്.
ഡോളര്‍ നിരക്കിലാണ് വിമാന ടിക്കറ്റിന്റെ കരാര്‍. ഡോളറിന് 65 രൂപയായി നിശ്ചയിച്ച് വിമാന കമ്പനികളുമായി കരാറുണ്ടാക്കി. എന്നാല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ച ഘട്ടത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ ഹജ്ജ് ടിക്കറ്റിന് അധികം തുക ഈടാക്കാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രമം.
ഇതിനായി വീണ്ടും തീര്‍ത്ഥാടകരില്‍ നിന്നു പണം ഈടാക്കാന്‍ ഒരുങ്ങുകയാണ്. സാധാരണ വിമാന ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുത്ത് പിന്നീട് യാത്രചെയ്യുമ്പോള്‍ ഒരു യാത്രക്കാരനും അധികം തുക നല്‍കേണ്ട കാര്യമില്ല. മൂന്നു മാസം മുമ്പ് വരെ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുമാവും.
മെയ് മാസത്തില്‍ വിമാന കമ്പനികളുമായി കരാറുണ്ടാക്കുമ്പോള്‍ തന്നെ വിമാന ടിക്കറ്റ് ഏകീകരിക്കാതെ ഡോളറില്‍ നിശ്ചയിക്കുന്നതാണ് ഹാജിമാര്‍ക്ക് മേല്‍ വീണ്ടും അധിക ബാധ്യത വരാന്‍ കാരണമെന്നാണ് ആക്ഷേപം.
ഹജ്ജിന് പോയി മടങ്ങിയെത്തിയതിനു ശേഷം മുഴുവന്‍ പേരും അധിക തുക അടയ്‌ക്കേണ്ട ഗതികേടുണ്ടാവുന്നതും ആദ്യമായാണ്. 20 എംപാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നു വ്യത്യസ്ത തുകയാണ് ഈടാക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരുങ്ങുന്നത്.
നെടുമ്പാശ്ശേരിയില്‍ നിന്ന് പോയവര്‍ 6,205 രൂപയാണ് അധികമായി നല്‍കേണ്ടിവരിക. മറ്റുള്ള എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ പോയവര്‍ നല്‍കേണ്ട തുക. അഹ്മദാബാദ്(5340), ഔറംഗബാദ്(6850), മംഗളൂരു(6515), ഭോപാല്‍ (7090) , ചെന്നൈ(6390), ദില്ലി (5825), ഗയ(8060), ഗോവ (66 50), ഗോഹട്ടി(9540), ഹൈദരാബാദ്(5265), ജയ്പൂര്‍(6250), കൊല്‍ക്കത്ത(7155), ലഖ്‌നോ (6495), ബംഗളൂരു(6720), നാഗ്പൂര്‍ (5600), മുംബൈ(4670), റാഞ്ചി(8730), ശ്രീനഗര്‍(8320), വാരണാസി(7360).

RELATED STORIES

Share it
Top