ഹജ്ജ്: തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പ് ക്യാംപിലെത്തണം

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോവുന്നവര്‍ യാത്രയുടെ 24 മണിക്കൂര്‍ മുമ്പ് ഹജ്ജ് ക്യാംപില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു.
ഹജ്ജ് ക്യാംപില്‍ തീര്‍ത്ഥാടകന്റെ കൂടെ വരുന്നവെരയോ സന്ദര്‍ശകരെയോ പ്രവേശിപ്പിക്കില്ല. ഇവര്‍ തീര്‍ത്ഥാടകരെ ഇറക്കി തിരിച്ചുപോവണം. താമസിക്കണമെന്നുള്ളവര്‍ സ്വയം സ്ഥലം കണ്ടെത്തണം. നെടുമ്പാശ്ശേരി സിയാല്‍ അക്കാദമിയിലാണ് ഹജ്ജ് ക്യാംപ് ഒരുക്കുന്നത്. 850 പേര്‍ക്കു താമസിക്കാനുള്ള രണ്ടുനില കെട്ടിടം സജ്ജമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകന് ഭക്ഷണത്തിനും പ്രാഥമിക കാര്യങ്ങള്‍ക്കും പ്രാര്‍ഥിക്കാനും പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. ആഗസ്ത് 1 മുതല്‍ 410 പേര്‍ക്ക് സഞ്ചരിക്കാവുന്ന 39 വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്നു പുറപ്പെടുക. ഹജ്ജ് ക്യാംപ് ജൂലൈ 29നു തുടങ്ങും. നാലു വിമാനങ്ങളുള്ള ദിവസത്തെ തിരക്ക് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.
അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോവുന്നവരില്‍ കൂടുതല്‍ സ്ത്രീകള്‍. 11,521 തീര്‍ത്ഥാടകര്‍ക്കാണ് ഇതുവരെ അവസരം ലഭിച്ചത്. ഇവരില്‍ 6,506 പേര്‍ സ്ത്രീകളും 5,015 പേര്‍ പുരുഷന്മാരുമാണ്.  രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ ഈ വര്‍ഷം 25 പേരുണ്ട്. ഇവരില്‍ 16 ആണ്‍കുട്ടികളും ഒമ്പതു പെണ്‍കുട്ടികളുമാണ്. ഹജ്ജിന്റെ കാത്തിരിപ്പു പട്ടികയിലെ 2,376 പേര്‍ക്കാണ് ഇത്തവണ അവസരം കൈവന്നത്. അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയവര്‍ കൂടിയതോടെയാണ് കാത്തിരിപ്പു പട്ടികയിലെ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കാന്‍ കാരണം. ലക്ഷദ്വീപില്‍ നിന്ന് 276 പേരുണ്ട്. ഇവരില്‍ 143 പേര്‍ പുരുഷന്മാരും 133 പേര്‍ സ്ത്രീകളുമാണ്. മാഹിയില്‍ നിന്ന് അവസരം ലഭിച്ച 47 പേരില്‍ 21 പുരുഷന്മാരും 26 സ്ത്രീകളുമാണുള്ളത്.    ഹജ്ജ് തീര്‍ത്ഥാടനത്തിന് കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.

RELATED STORIES

Share it
Top