ഹജ്ജ് തീര്‍ത്ഥാടകര്‍ നാളെ മുതല്‍ മടങ്ങിയെത്തും

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചിരുന്ന തീര്‍ത്ഥാടകര്‍ നാളെ മുതല്‍ മടങ്ങിയെത്തും. ആദ്യ സംഘത്തിലെ 410 തീര്‍ത്ഥാടകരുമായി സൗദി എയര്‍ലൈന്‍സ് വിമാനം നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്. വകുപ്പ് മന്ത്രി കെ ടി ജലീല്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് മൗലവി എന്നിവരുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിക്കും. ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ യാത്രയായിരുന്നത്. ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിയ തീര്‍ത്ഥാടകരില്‍ 154 പേരൊഴികെ ബാക്കി എല്ലാവരും മദീന വിമാനത്താവളത്തില്‍ നിന്നാണ് നാട്ടിലേക്കു മടങ്ങുന്നത്. ഹാജിമാര്‍ക്ക് വിതരണം ചെയ്യാനുള്ള സംസം വെള്ളം നേരത്തേ തന്നെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും അഞ്ചു ലിറ്റര്‍ വീതം സംസം വെള്ളമാണ് നല്‍കുക. ഇതിന് ആവശ്യമായ അഞ്ചു ലിറ്ററിന്റെ 12,100 ബോട്ടില്‍ സംസം വെള്ളം ടിത്രീ ടെര്‍മിനലില്‍ പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി 12,013 പേരാണ് ഈ വര്‍ഷം ഹജ്ജ് കര്‍മത്തിനായി പോയത്. സൗദി എയര്‍ലൈന്‍സിന്റെ 30 വിമാനങ്ങളിലായാണ് ഹാജിമാരുടെ മടക്കയാത്ര സജ്ജീകരിച്ചിരിക്കുന്നത്. 26 വിമാനങ്ങളില്‍ 410 വീതവും രണ്ടു വിമാനങ്ങളില്‍ 409 പേര്‍ വീതവും ഒരു വിമാനത്തില്‍ 381 പേരും മറ്റൊരു വിമാനത്തില്‍ 154 പേരുമാണ് ഉണ്ടാവുക. 154 പേരുമായി ഈ മാസം 22ന് രാവിലെ 10.35ന് നെടുമ്പാശ്ശേരിയിലെത്തുന്ന വിമാനം ജിദ്ദയില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. ഈ വിമാനത്തില്‍ ഹാജിമാര്‍ക്കൊപ്പം മറ്റു യാത്രക്കാരും ഉണ്ടാവും. സിയാലിന്റെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരിയില്‍ പ്രത്യേക യോഗം ചേര്‍ന്നു മടക്കയാത്ര സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തി. സിയാലിനു പുറമെ സംസ്ഥാന ഹജ്ജ് കമ്മിറ്റി, കസ്റ്റംസ്, എമിഗ്രേഷന്‍, സിഐഎസ്എഫ് തുടങ്ങിയ വിഭാഗങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. മടങ്ങിയെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 50 വോളന്റിയര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top