ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിക്കും

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷം ഹജ്ജ്കര്‍മം നിര്‍വഹിച്ച ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ എട്ടിനാണ് അവസാന സംഘം ഹാജിമാരുമായി സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരിയിലെത്തുന്നത്.
അവസാന വിമാനത്തില്‍ 381 ഹാജിമാരാണ് ഉണ്ടാകുക. ഹാജിമാരുടെ മടക്കയാത്രയ്ക്കായി 30 വിമാനങ്ങളാണു സൗദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇതില്‍ 29 വിമാനങ്ങളും ഇതിനകം നെടുമ്പാശ്ശേരിയിലെത്തി. ഈ മാസം 12 മുതലാണ് ഹാജിമാര്‍ മടങ്ങിയെത്തിത്തുടങ്ങിയത്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി 12013 പേരാണ് ഈ വര്‍ഷം യാത്രയായിരുന്നത്. ഇതില്‍ 20 പേര്‍ മക്കയില്‍ മരണപ്പെട്ടു. 11612 ഹാജിമാരാണ് 29 വിമാനങ്ങളിലായി ഇന്നലെ വരെ മടങ്ങിയെത്തിയത്. ലക്ഷദ്വീപില്‍ നിന്നുള്ള 277 പേരും മാഹിയില്‍ നിന്നുള്ള 47 പേരും ഇതില്‍ ഉള്‍പ്പെടും. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുളള ഹജ്ജ് തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ പോയിന്റ് കൂടിയാണ് നെടുമ്പാശ്ശേരി വിമാനത്താവളം. ശക്തമായ പ്രളയത്തെ തുടര്‍ന്നു നെടുമ്പാശ്ശേരി വിമാനത്താവളം കഴിഞ്ഞ മാസം 15ന് താല്‍ക്കാലികമായി അടച്ചതിനെ തുടര്‍ന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു യാത്ര തിരിച്ചവരും നെടുമ്പാശ്ശേരി വഴിയാണു മടങ്ങിയെത്തിയത്.
കേരളത്തില്‍ നിന്നു ജിദ്ദ വിമാനത്താവളം വഴിയാണ് തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തിയത്. ഹജ്ജ് കര്‍മത്തിനു ശേഷമായിരുന്നു ഇവരുടെ മദീന സന്ദര്‍ശനം. ഇതിന് ശേഷം മദീന വിമാനത്താവളത്തില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ നാട്ടിലേക്കു മടങ്ങിയത്. ഹജ്ജ് കര്‍മം നിര്‍വഹിച്ച് മടങ്ങിയെത്തുന്നവര്‍ക്കു വിതരണം ചെയ്യാനുള്ള സംസം വെള്ളം സൗദി എയര്‍ലൈന്‍സ് നേരത്തെ തന്നെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചിരുന്നു. ഹാജിമാര്‍ക്ക് സ്വന്തം നിലയില്‍ സംസം വെള്ളം കൊണ്ടുവരാനുള്ള അനുമതി ഇല്ല.

RELATED STORIES

Share it
Top