ഹജ്ജ് ക്വാട്ട നിരസിച്ച സംഭവം; ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ന്യൂഡല്‍ഹി: സ്വാകര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് കൊടുക്കേണ്ട ഹജ്ജ് ക്വാട്ട നിരസിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്. പഴയ ഹജ്ജ് നയപ്രകാരം ക്വാട്ട ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും നല്‍കാത്തതിനെ തുടര്‍ന്ന നഷ്ടം നേരിടേണ്ടിവന്ന എട്ടു സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നഷ്ടപരിഹാര തുക രണ്ടു മാസത്തിനകം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. യുനൈറ്റഡ് എയര്‍ ട്രാവല്‍ സര്‍വീസസ് എന്ന സ്വകാര്യ ടൂര്‍ ഓപറേറ്റിങ് കമ്പനി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. തങ്ങള്‍ ഹജ്ജ്  ക്വാട്ട ലഭിക്കാന്‍ അര്‍ഹതപ്പെട്ടവരായിരുന്നുവെന്നും തങ്ങളുടെ അപേക്ഷ അകാരണമായി സര്‍ക്കാര്‍ തള്ളുകയായിരുന്നുവെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

RELATED STORIES

Share it
Top