ഹജ്ജ്- ഉംറ നേരത്തേ ചെയ്തവര്‍ 2000 റിയാല്‍ അധികം നല്‍കണം

കരിപ്പൂര്‍: ഹജ്ജ്-ഉംറ നിര്‍വഹിച്ചവരെ കണ്ടെത്താന്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ പരിശോധിക്കും. അവസരം ലഭിച്ചവരുടെ പാസ്‌പോര്‍ട്ടില്‍ ഹജ്ജ് വിസ സ്റ്റാമ്പ് ചെയ്യുന്നതിനു മുമ്പുതന്നെ പരിശോധന നടത്തി ലിസ്റ്റ് തയ്യാറാക്കാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. നിലവിലെ നിരക്കിനോടൊപ്പം വിസാ ചാര്‍ജായി 2000 സൗദി റിയാല്‍ (35,202 രൂപ) അടച്ചാല്‍ മാത്രമേ ഇവര്‍ക്ക് അനുമതി നല്‍കുകയുള്ളൂ.
ഹജ്ജ് അപേക്ഷ സമര്‍പ്പണ സമയത്ത് മൂന്നുവര്‍ഷത്തിനിടെ ഹജ്ജ്-ഉംറ നിര്‍വഹിച്ചവര്‍ 2000 സൗദി റിയാല്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, രണ്ടാംഗഡു പണം നിശ്ചയിച്ച സമയത്താണ് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചത്. രണ്ടാംഗഡു പണം മെയ് 23നകമാണ് അടയ്‌ക്കേണ്ടത്. ഇതിനകം തന്നെ അധിക തുക നല്‍കേണ്ട ആളുകളുടെ ലിസ്റ്റ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കും. ഇതോടെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഈ വര്‍ഷം യാത്രാച്ചെലവില്‍ വന്‍വര്‍ധനയുണ്ടാവും.
നിലവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഹജ്ജിന് ഇത്തവണ 21,000 രൂപ അധികം ചെലവു വരുന്നുണ്ട്. നിരക്ക് കൂടുന്നതോടെ തീര്‍ത്ഥാടകരില്‍ യാത്ര റദ്ദാക്കുന്നവരുടെ എണ്ണം വര്‍ധിക്കാനിടയുണ്ട്.

RELATED STORIES

Share it
Top