ഹജ്ജ്: അവസാന സംഘവും തിരിച്ചെത്തി

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് നിര്‍വഹിച്ച അവസാന തീര്‍ത്ഥാടകസംഘം ഇന്നലെ മടങ്ങിയെത്തി. പുലര്‍ച്ചെ 4.30നാണ് അവസാനസംഘം ഹാജിമാരുമായി എസ്‌വി 5943 നമ്പര്‍ സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. ഈ മാസം 12 മുതലാണ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ആരംഭിച്ചത്. കേരളത്തില്‍ നിന്നുള്ള 11,689 പേരും ലക്ഷദ്വീപില്‍ നിന്നുള്ള 277 പേരും മാഹിയില്‍ നിന്നുള്ള 47 പേരും അടക്കം 12,013 പേരാണ് ഈ വര്‍ഷം യാത്രയായിരുന്നത്. ഇവരില്‍ ലക്ഷദ്വീപില്‍ നിന്നുള്ള ഒരു ഹാജിയും കേരളത്തില്‍ നിന്നുള്ള 21 ഹാജിമാരും ഉള്‍പ്പെടെ 22 പേര്‍ മക്കയിലും മദീനയിലുമായി മരണമടഞ്ഞു. ശേഷിക്കുന്നവര്‍ 30 വിമാനങ്ങളിലായാണ് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയത്.
ഹജ്ജ് തീര്‍ത്ഥാടനം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് സഹകരിച്ച സിയാല്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ള എല്ലാ സുമനസ്സുകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. മടങ്ങിയെത്തിയ ഹാജിമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ 25,03,138 രൂപ സമാഹരിച്ചതായും ചെയര്‍മാന്‍ അറിയിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്ന ഹജ്ജ് തീര്‍ത്ഥാടനമാണ് കടന്നുപോയതെന്ന് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, സെല്‍ ഉദ്യോഗസ്ഥര്‍, വോളന്റിയര്‍മാര്‍, ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥര്‍, സ്വാഗതസംഘം ഭാരവാഹികള്‍ തുടങ്ങിയവരുടെ കൂട്ടായ പ്രയത്‌നംകൊണ്ടാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സുഗമമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top