ഹജ്ജ് അപേക്ഷകള്‍ 5174: ബാങ്ക് അക്കൗണ്ട് ഉപയോഗത്തിലുള്ളത് മാത്രം സമര്‍പ്പിക്കണം

കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരണം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു ലഭിച്ചത് 2083 കവറുകളിലായി 5460 അപേക്ഷകള്‍. ഇതില്‍ 70 വയസ്സ് വിഭാഗത്തില്‍ 94 കവറുകളിലായി 191 അപേക്ഷകളും മെഹ്‌റമില്ലാതെ സ്ത്രീകള്‍ മാത്രമായുള്ള വിഭാഗത്തില്‍ 23 കവറിലായി 95 അപേക്ഷകളും ജനറല്‍ വിഭാഗത്തില്‍ 1966 കവറുകളിലായി 5174 അപേക്ഷകളുമാണു ലഭിച്ചത്.
ഹജ്ജ് അപേക്ഷകര്‍ മുഖ്യ അപേക്ഷകന്റെ ഏതെങ്കിലും നാഷനലൈസ്ഡ് ബാങ്കിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബാങ്കിന്റെ പേരും ബ്രാഞ്ചിന്റെ പേരും ഐഎഫ്എസ് കോഡും കൃത്യമായി രേഖപ്പെടുത്തിയ പാസ്ബുക്കിന്റെയോ കാന്‍സല്‍ ചെയ്ത ചെക്കിന്റെയോ പകര്‍പ്പും അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം.
പല അപേക്ഷകരും ഇപ്പോഴും പഴയ സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂറോ ഉപയോഗത്തിലില്ലാത്തതോ ആയ ബാങ്കുകളുടെ രേഖകളാണ് സമര്‍പ്പിക്കുന്നത്. ഇത് ഹജ്ജ് അപേക്ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കും.
ആയതിനാല്‍ അപേക്ഷകന്റെ ഏതെങ്കിലും നാഷനലൈസ്ഡ് ബാങ്കിന്റെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ പാസ്ബുക്കിന്റെയോ കാന്‍സല്‍ ചെയ്ത ചെക്കിന്റെയോ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
സാമ്പത്തിക പ്രതിസന്ധിയും ഹജ്ജിന് നേരിട്ട് അവസരം നല്‍കിയിരുന്ന തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരുടെ കാറ്റഗറി-ബി, 45 വയസ്സിന് മുകളിലുള്ള വനിതകള്‍ മാത്രമുള്ള അപേക്ഷകര്‍ എന്നിവര്‍ക്ക് നേരിട്ട് അവസരം നല്‍കിയത് ഒഴിവാക്കിയതും അപേക്ഷകള്‍ കുറയാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകള്‍ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം.

RELATED STORIES

Share it
Top