'ഹജ്ജ് അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ടിന് അടിയന്തര സൗകര്യമൊരുക്കണം'

കരിപ്പൂര്‍: ഹജ്ജ് അപേക്ഷകര്‍ക്ക് അടിയന്തരമായി പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മുഴുവന്‍ പാസ്‌പോര്‍ട്ട് ഓഫിസ് കേന്ദ്രങ്ങള്‍ക്കും വിദേശകാര്യ വകുപ്പ് നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ ഒരുക്കി നോഡല്‍ ഓഫിസറെ നിയമിക്കണം. ഇവരുടെ പോലിസ് വെരിഫിക്കേഷനുകള്‍ പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ വകുപ്പ് പോലിസ് ഉദ്യോഗസ്ഥരോടും നിര്‍ദേശിക്കണം. പാസ്‌പോര്‍ട്ടിന്റെ പേരില്‍ തീര്‍ത്ഥാടനത്തിന് അവസരം നഷ്ടെപ്പടുന്ന സാഹചര്യമുണ്ടാവരുതെന്നും നിര്‍ദേശത്തിലുണ്ട്. രാജ്യത്തെ മുഴുവന്‍ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ക്കും വിദേശകാര്യമന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഹജ്ജ് അപേക്ഷകന് പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷയില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം. 2020 ജനുവരി 31 വരെയെങ്കിലും കാലാവധിയുള്ള മെഷിന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് തീര്‍ത്ഥാടകനുണ്ടായിരിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം. ഈ വര്‍ഷം ഹജ്ജ് അപേക്ഷാ സ്വീകരണം കുറഞ്ഞ ദിവസം മാത്രമാണുള്ളത്. ആയതിനാല്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവരും പാസ്‌പോര്‍ട്ട് ഇതുവരെ എടുക്കാത്തവരും കൂടുതലാണ്.
അടുത്ത മാസം 17 വരെയാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകര്‍ പാസ്‌പോര്‍ട്ട് കോപ്പി നല്‍കിയാല്‍ മതിയെങ്കിലും 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഒരു സഹായിക്കും നേരിട്ട് അവസരം ലഭിക്കുമെന്നതിനാല്‍ അപേക്ഷയോടൊപ്പം തന്നെ പാസ്‌പോര്‍ട്ട് നേരിട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.

RELATED STORIES

Share it
Top