ഹജ്ജ്: അധിക തുക നല്‍കേണ്ടവരുടെ ലിസ്റ്റ് പുറത്ത്

കരിപ്പൂര്‍: ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോവുന്ന തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പിങ് നടപടികള്‍ തുടങ്ങി. കേരളം ഉള്‍െപ്പടെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലേക്ക് അയച്ച പാസ്‌പോര്‍ട്ടുകളിലാണ് വിസ സ്റ്റാമ്പിങ് പതിക്കുന്നത്.
പാസ്‌പോര്‍ട്ടില്‍ വിസ നടപടികള്‍ ആരംഭിച്ചതോടെ തീര്‍ത്ഥാടകരില്‍ ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ്്, ഉംറ നിര്‍വഹിച്ചവരെ കണ്ടെത്തുന്നുമുണ്ട്. നിലവിലെ നിരക്കിനോടൊപ്പം വിസ ചാര്‍ജായി 2000 സൗദി റിയാല്‍ (35,202 രൂപ) ഇവര്‍ കൂടുതലായി അടയ്ക്കണം. സ്റ്റാമ്പിങ് പൂര്‍ത്തിയായവരുടെ ലിസ്റ്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് അയച്ച് നല്‍കിയിട്ടുണ്ട്. ഹജ്ജ് അപേക്ഷ സമര്‍പ്പണ സമയത്ത് മൂന്ന് വര്‍ഷത്തിനിടെ ഹജ്ജ്, ഉംറ നിര്‍വഹിച്ചവര്‍ 2000 സൗദി റിയാല്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ രണ്ടാംഗഡു പണം നിശ്ചയിച്ച സമയത്താണ് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം കേന്ദ്ര ഹജ്ജ്കമ്മിറ്റി അറിയിച്ചത്. രണ്ടാം ഗഡു പണം മെയ് 23നകമാണ് അടയ്‌ക്കേണ്ടത്. ഇതിനോടൊപ്പം തന്നെ അധിക തുക നല്‍കേണ്ടിവരും. ഈ തുക കൂടി അടച്ചെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഹജ്ജിന് അനുമതി ലഭിക്കുകയുളളൂ. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവരില്‍ മിക്കവരും ഉംറ നിര്‍വഹിച്ചവരാണ്. ഇതോടെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഈവര്‍ഷം യാത്രാച്ചെലവില്‍ വന്‍ വര്‍ധനവുണ്ടാവും. ഗ്രീന്‍ വിഭാഗക്കാര്‍ക്ക് 2,56,350 രൂപയും അസീസിയ വിഭാഗക്കാര്‍ക്ക് 2,22,200 രൂപയുമാണ് മൊത്തം ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇതിനു പുറമെയാണ് 35,202 രൂപ അധികം നല്‍കേണ്ടത്.

RELATED STORIES

Share it
Top