ഹജ്ജ്: അഞ്ചാം വര്‍ഷക്കാരുടെ ലിസ്റ്റ് രണ്ടാം വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരണത്തിന് ശേഷം

കൊണ്ടോട്ടി: സുപ്രിംകോടതി ഉത്തരവോടെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ച കഴിഞ്ഞ വര്‍ഷത്തെ അഞ്ചാം വര്‍ഷക്കാരുടെ ലിസ്റ്റ് രണ്ടാം വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരണത്തിനു ശേഷം പുറത്തിറക്കും.
കേന്ദ്ര ഹജ്ജ് കമ്മിറ്റി ലിസ്റ്റ് ലഭിച്ചാല്‍ മാത്രമേ അവസരം ലഭിച്ചവരെക്കുറിച്ചുള്ള വ്യക്തത കൈവരുകയുള്ളൂ. ഹജ്ജിന്റെ ആദ്യ വെയ്റ്റിങ് ലിസ്റ്റ് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തെ വെയ്റ്റിങ് ലിസ്റ്റ് വൈകാതെ പുറത്തിറക്കും. ഇതിനുശേഷം 65 കഴിഞ്ഞവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. പുതിയ ഹജ്ജ് മാനദണ്ഡപ്രകാരം തുടര്‍ച്ചയായി അപേക്ഷിക്കുന്ന അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കിയിരുന്നില്ല.
ഇതോടെയാണ് കേരളത്തില്‍ നിന്നുള്ള അഞ്ചാം വര്‍ഷക്കാര്‍ സംഗമിച്ച് സുപ്രിംകോടതിയെ സമീപിച്ചത്. അഞ്ചാം വര്‍ഷക്കാരുടെ പട്ടികയിലെ 65നും 69നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അനുമതി നല്‍കണമെന്നു കഴിഞ്ഞ 12ന് കോടതി  നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവരുടെ ലിസ്റ്റ് ഇതുവരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നല്‍കിയിട്ടില്ല. സുപ്രിംകോടതിയുടെ സത്യവാങ്മൂലത്തില്‍ അഞ്ചാം വര്‍ഷക്കാരായി ഇന്ത്യയില്‍ ആകെ 1965 പേര്‍ മാത്രമേയുള്ളൂവെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചത്.
കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് അഞ്ചാം വര്‍ഷക്കാരുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നാണ് അഞ്ചാം വര്‍ഷക്കാര്‍ കൂടുതലുള്ളത്. 9500 പേരില്‍ ആയിരത്തിലധികം പേര്‍ 65-69 പ്രായത്തിലുള്ളവരാണ്. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ അപേക്ഷകരുണ്ടെങ്കില്‍ നിശ്ചിത പ്രായപരിധിയിലുള്ള ഒരാള്‍ക്ക് മാത്രമേ അവസരം കൈവരുകയുള്ളൂ. ഇത് കവറില്‍ ബാക്കിയാവുന്ന സ്ത്രീകളെയും ബാധിക്കും. മെഹ്‌റമില്ലാതെ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് തീര്‍ത്ഥാടനത്തിന് അനുമതിയില്ല. ഇത്തരം സാങ്കേതികത്വവും നിലനില്‍ക്കുന്നുണ്ട്.
ഹജ്ജിന് ഒന്നാം ഗഡു പണം അടക്കല്‍, പാസ്‌പോര്‍ട്ട് സമര്‍പ്പണം, രണ്ടു പരിശീലന ക്ലാസുകള്‍ എന്നിവ പൂര്‍ത്തീകരിച്ചിട്ടും അഞ്ചാം വര്‍ഷക്കാരുടെ ലിസ്റ്റ് ഇതുവരെ എത്താത്തതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി അവസരം കൈവന്നവരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ സമീപിച്ച് കാത്തിരിക്കുകയാണ്.

RELATED STORIES

Share it
Top