ഹജ്ജ്: അഞ്ചാംവര്‍ഷക്കാരില്‍ 810 പേര്‍ യാത്ര റദ്ദാക്കി

കൊണ്ടോട്ടി/കരിപ്പൂര്‍: സുപ്രിംകോടതിയുടെ നിര്‍ദേശത്തില്‍ ഹജ്ജിന് അനുമതി ലഭിച്ച അഞ്ചാം വര്‍ഷക്കാരില്‍ 810 പേരും യാത്ര റദ്ദാക്കി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അവഗണനയിലും അസൗകര്യങ്ങളിലും പ്രതിഷേധിച്ചാണു കൂടുതല്‍ പേരും യാത്ര റദ്ദാക്കിയത്.
അഞ്ചാം വര്‍ഷക്കാരില്‍ 65നും 69നും ഇടയില്‍ പ്രായമുള്ള 1102 പേര്‍ക്കാണു കേരളത്തില്‍ നിന്നു ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ 221 പുരുഷന്‍മാരും 77 സ്ത്രീകളും അടക്കം 292 പേര്‍ മാത്രമാണ് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചത്. രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞതോടെ ശേഷിക്കുന്നവരുടെ യാത്ര ഇതോടെ റദ്ദായി. പ്രായം മുന്‍നിര്‍ത്തി മിക്ക കവറിലും അപേക്ഷിച്ചവരില്‍ ഒരാള്‍ക്കു മാത്രമാണ് അനുമതിയുള്ളത്. അവസരം ലഭിച്ചവര്‍ക്കു രേഖകള്‍ ഹാജരാക്കാന്‍ അനുവദിച്ചതു നാലുദിവസം മാത്രമായിരുന്നു. കോടതി ഒരുമാസം മുമ്പുതന്നെ ഇവര്‍ക്ക് അവസരം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അവസാന നിമിഷമാണു കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതും രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതും. അഞ്ചാം വര്‍ഷക്കാരുള്‍പ്പെടെ അവസാന ഹജ്ജ് ക്വാട്ടയില്‍ അവസരം ലഭിച്ച 5,000 പേര്‍ക്ക് ഹജ്ജ് വേളയില്‍ താമസം മിനക്ക് പുറത്താണു ലഭിക്കുക. ഇതും തീര്‍ത്ഥാടകരെ യാത്രയില്‍ നിന്നു പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ യാത്രാക്കൂലി വര്‍ധിച്ചതും തിരിച്ചടിയായിട്ടുണ്ട്. അതേസമയം, ഹജ്ജ് വോളന്റിയര്‍ തിരഞ്ഞെടുപ്പ് ആക്ഷേപമടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം നാളെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും.
ഞായറാഴ്ച ഉച്ചയ്ക്ക് 3ന് ചേരുന്ന യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷനാവും. ഈ വര്‍ഷത്തെ ഹജ്ജ് വോളന്റിയര്‍ നിയമനത്തിനെതിരേ ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ അടക്കം രംഗത്തുവന്നിരുന്നു. വിവാദത്തിനു ശേഷമുള്ള ആദ്യ ഹജ്ജ് കമ്മിറ്റി യോഗമാണു നാളെ കരിപ്പൂരില്‍ നടക്കുന്നത്. കരിപ്പൂരില്‍ കഴിഞ്ഞമാസം നടന്ന വോളന്റിയര്‍ അഭിമുഖത്തില്‍ 53 പേരെയാണു തിരഞ്ഞെടുത്തത്. 7 പേര്‍ വെയ്റ്റിങ് ലിസ്റ്റിലുമുണ്ട്.
ഹജ്ജിന് അവസരം ലഭിച്ച മുഴുവന്‍ ഹാജിമാരുടെയും പാസ്‌പോര്‍ട്ടുകള്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനു വേണ്ടി മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിച്ചു. മെഹ്‌റം ക്വാട്ടയില്‍ അവസരം ലഭിച്ച 123 പേര്‍ പണമടച്ച രസീതും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും ഫോട്ടോയും ഹാജരാക്കേണ്ട അവസാന ദിവസം ഇന്ന് വൈകീട്ട് 5മണിവരെയാണ്.

RELATED STORIES

Share it
Top