സൗഹൃദ മല്‍സരത്തിലെ വംശീയാധിക്ഷേപം: റഷ്യക്ക് പിഴ ചുമത്തി ഫിഫ
vishnu vis2018-05-09T21:05:59+05:30

സൂറിച്ച്: ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ പോരാട്ടത്തിനിടെ വംശീയാധിക്ഷേപം നടത്തിയെന്നാരോപിച്ച് റഷ്യക്കെതിരേ ഫിഫ നടപടി. ഫ്രാന്‍സിനെതിരായ സൗഹൃദ മല്‍സരത്തില്‍ പോള്‍ പോഗ്ബ അടക്കമുള്ള പ്രമുഖ താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം നടത്തിയതിനാണ് റഷ്യ പിഴ അടക്കേണ്ടി വന്നത്. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന മല്‍സരത്തില്‍ 3-1ന് ഫ്രാന്‍സ് ജയിച്ചിരുന്നു. പോഗ്ബയെ കുരങ്ങനെന്ന് വിളിച്ചും കുരങ്ങന്റെ ശബ്ദമുണ്ടാക്കിയുമാണ് റഷ്യന്‍ ആരാധകര്‍ വംശീയാധിക്ഷേപം നടത്തിയത്. ലോകകപ്പ് ഫുട്ബോളിന് റഷ്യ ആതിഥേയത്വം വഹിക്കാനൊരുങ്ങുമ്പോള്‍ നാണക്കേടുണ്ടാക്കുന്നതാണ് ആരാധകരുടെ പെരുമാറ്റം. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ സ്റ്റേഡിയത്തില്‍ ഏഴ് ലോകകപ്പ് മല്‍സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് എയിലെ റഷ്യയുടെ ഈജിപ്തിനെതിരായ മല്‍സരവും ഒരു സെമി ഫൈനല്‍ മല്‍സരവും ഇതില്‍ ഉള്‍പ്പെടും.