സൗഹൃദ ഫുട്‌ബോള്‍ മല്‍സരം : അഗ്നിശമന സേനയെ വെള്ളം കുടിപ്പിച്ച് നിയമപാലകര്‍മലപ്പുറം: യുവനിരയുടെ കരുത്തുമായി ഇറങ്ങിയ അഗ്നിശമന സേനയ്ക്ക് പോലിസിലെ വെറ്ററന്‍ പടയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. സടകൊഴിഞ്ഞ പോലിസ് താരങ്ങള്‍ ശരിക്കും അഗ്നിശമന സേനയെ വെള്ളം കുടിപ്പിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തകരുടെ കാലിലായിരുന്നു പന്ത് ഏറെ സമയമെങ്കിലും വിജയം ഒടുവില്‍ നിയമപാലകര്‍ക്കൊപ്പം നില്‍ക്കുയായിരുന്നു. കളിക്കിടെ ലഭിച്ച പെനാല്‍ട്ടി അഗ്നിശമനസേന പാഴാക്കുകയും ചെയ്തു. മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരമായിരുന്നു വേദി. അപകടഘട്ടത്തില്‍ വിളിക്കേണ്ട 101 നമ്പറിനെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മല്‍സരം. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ ഫോഴ്‌സ് മലപ്പുറം യൂനിറ്റിനെ നയിച്ചത് അസി. ഓഫിസര്‍ കെ എം അഷറഫലി. പോലിസ് ടീമിനെ എംഎസ്പി ഡെപ്യൂട്ടി കമാന്‍ഡന്റ് കുരികേശ് മാത്യുവും നയിച്ചു. സി വി ശശി, ഹബീബ് റഹ്മാന്‍, കുരികേശ് മാത്യു, റഫീഖ് ഹസന്‍, റോയി റോജസ് തുടങ്ങിയ പഴയകാല ഫുട്‌ബോള്‍ പ്രതിഭകളാണ് പോലിസിനു വേണ്ടി ബൂട്ട് കെട്ടിയത്. ഇരു പകുതിയിലും ഗോളുകള്‍ ഒന്നും പിറക്കാത്തതിനാല്‍ ഷൂട്ടൗട്ടിലായിരുന്നു പോലിസിന്റെ വിജയം. മല്‍സരം നഗരസഭാ ൈവസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഒ സഹദേവന്‍, കുന്നത്തൊടി ഹംസ, പോലിസ് അക്കാഡമി അസി. ഡയറക്ടര്‍ യു ഷറഫലി സംസാരിച്ചു. വിജയികള്‍ക്ക് എഎസ്പി സുജിത്ത് ദാസ് ട്രോഫി സമ്മാനിച്ചു.

RELATED STORIES

Share it
Top