സൗരോര്‍ജ വൈദ്യുതോല്‍പാദനം 1000 മെഗാവാട്ടായി വര്‍ധിപ്പിക്കും

പത്തനംതിട്ട/കോട്ടയം: സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം 1000 മെഗാവാട്ടായി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം എം മണി പറഞ്ഞു. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയോടനുബന്ധിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയ 33 കെവി സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനം പെരുന്തേനരുവി പവര്‍ഹൗസ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജലവൈദ്യുതോല്‍പാദനത്തിലെ പ്രതിസന്ധികള്‍ പരിഗണിച്ചാണ് മറ്റ് ഊര്‍ജസ്രോതസ്സുകള്‍ തേടുന്നത്. ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തിന്റെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികളാണ് ഇപ്പോള്‍ ഫലപ്രദമായി പൂര്‍ത്തീകരിച്ചുവരുന്നത്. ഇത്തരം പദ്ധതികളില്‍ നിന്നു വളരെ കുറച്ച് വൈദ്യുതി മാത്രമേ ലഭിക്കൂ. ഈ സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡ് പുതിയ ഊര്‍ജോല്‍പാദന മാര്‍ഗങ്ങള്‍ തേടുന്നത്. ഊര്‍ജമിഷന്റെ പ്രധാനദൗത്യം പുതിയ ഊര്‍ജനിര്‍മാണ സങ്കേതങ്ങള്‍ കണ്ടെത്തുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ ജലവൈദ്യുത പദ്ധതികളുണ്ടാവണമെന്നും എം എം മണി പറഞ്ഞു. കെഎസ്ഇബിയുടെ കീഴില്‍ കോട്ടയം പള്ളത്ത് നിര്‍മിച്ച ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലവൈദ്യുത പദ്ധതികളുള്ള സ്ഥലങ്ങളില്‍ വരള്‍ച്ചയുണ്ടായിട്ടില്ല. വരള്‍ച്ചയെ അതിജീവിക്കാന്‍ ജലവൈദ്യുത പദ്ധതികള്‍ക്കു കഴിയും. ഇതിനായി ചെറിയ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കേണ്ടതുണ്ട്.
വന്‍കിട ജലവൈദ്യുത പദ്ധതികളെല്ലാം ചില പ്രശ്‌നങ്ങളുടെ നടുവിലാണ്. പൂയംകുട്ടിയില്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top