സൗരാഷ്ട്ര: ഉയര്‍ന്ന പോളിങ് ബിജെപിക്ക് തിരിച്ചടിയാവും

അഹ്മദാബാദ്: ഗുജറാത്ത് ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ സൗരാഷ്ട്ര മേഖലയില്‍ വോട്ടിങ് ശതമാനം വര്‍ധിച്ചത് ബിജെപിക്ക് തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. 69.3 ശതമാനമാണ് സൗരാഷ്ട്രയിലെ വോട്ടിങ് ശതമാനം. 2012ലെ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതലാണിത്. പട്ടേല്‍ സമുദായത്തിന്റെ ശക്തികേന്ദ്രമായ സൗരാഷ്ട്രയാണ് ഗുജറാത്ത് ആരു ഭരിക്കണമെന്ന കാര്യത്തില്‍ നിര്‍ണായകമാവാറ്. സൗരാഷ്ട്രയിലെ ആകെയുള്ള 48 സീറ്റുകളില്‍ 24 എണ്ണത്തില്‍ പട്ടേല്‍ വിഭാഗമാണ് സ്വാധീന ശക്തി. ബാക്കിയുള്ള സീറ്റുകളില്‍ ഒബിസി വിഭാഗങ്ങള്‍ക്കാണ് മുന്‍തൂക്കം. ബ്രാഹ്മണര്‍, ലോഹാന, രജ്പുത്, ബനിയ തുടങ്ങിയവയാണ് ഈ മേഖലയിലെ മറ്റു സമുദായങ്ങള്‍. എന്നാല്‍, ഈ മേല്‍ജാതി വോട്ടുകള്‍ എല്ലാം ചേര്‍ന്നാലും സൗരാഷ്ട്രയിലെ ഒരു മണ്ഡലത്തിലും നിര്‍ണായകമാവില്ല. യുവാക്കളും സ്ത്രീകളും കൂടുതലായി വോട്ട് ചെയ്യാനെത്തിയത് ബിജെപിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. പട്ടേല്‍ വിഭാഗങ്ങള്‍ ഏറ്റവും ശക്തമായ 10 മണ്ഡലങ്ങളില്‍ ഉയര്‍ന്ന വോട്ടിങ് ശതമാനമുണ്ട്. ഗ്രാമീണമേഖലയില്‍ വോട്ടിങ് നിരക്ക് നഗരങ്ങളേക്കാള്‍ കൂടുതലായിരുന്നു. പ്രാഥമിക കണക്ക് പ്രകാരം സൂറത്ത് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടിങ് നിരക്കുള്ളത്- 70 ശതമാനം. ഭാവ്‌നഗറില്‍ 62 ശതമാനവും അംറേലിയില്‍ 67 ശതമാനവുമാണ്. ദക്ഷിണ ഗുജറാത്തില്‍ 70 ശതമാനമാണ് പോളിങ്. ഇതും കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതലാണ്. 75 ശതമാനം പോളിങുള്ള നവരാസിയാണ് ഏറ്റവും മുകളില്‍. ഇതും ഭരണവിരുദ്ധ തരംഗമായാണ് വിലയിരുത്തുന്നത്.

RELATED STORIES

Share it
Top